Drisya TV | Malayalam News

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

 Web Desk    18 Oct 2025

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമർശിച്ചു.

ചെന്താമരയുടെ മാനസികനില ഭദ്രമല്ലെന്ന വാദമാണ് പ്രതിഭാഗം ഏറ്റവും കൂടുതൽ ഉയർത്തിയത്. ഇത് കോടതി പൂർണമായും തള്ളിക്കളഞ്ഞു. ഇയാളുടെ മാനസികനിലയിൽ യാതൊരു പ്രശനവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമരയുടെ മാനസികനില ഭദ്രമാണെന്നു പറഞ്ഞ കോടതി ഇയാൾ സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്നും വ്യക്തമാക്കി.

പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ പരോൾ നൽകുകയാണെങ്കിൽ സാക്ഷികൾക്കും ഇരകൾക്കും പൂർണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഇയാളുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും സജിതയുടെ മക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി. പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിധി ന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

2019 ഓഗസ്റ്റ് 31-ന് നടത്തിയ ആദ്യ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

  • Share This Article
Drisya TV | Malayalam News