ശബരിമല മേൽശാന്തിയായി ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു. രാവിലെ 8 നറുക്കെടുപ്പിലൂടെയാണ് മണിയോടെ സന്നിധാനത്ത് നടന്ന മേൽശാന്തിയെ തിരഞ്ഞെടുത്തത്. ചാലക്കുടി സ്വദേശിയായ പ്രസാദ് ഏറന്നൂർ മനയിലെ അംഗമാണ്. നിലവിൽ ആറേശ്വരം ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. എം.ജി. മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി.
പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. മുൻ രാജപ്രതിനിധി പന്തളം നടുവിലെമാളിക കൊട്ടാരത്തിൽ പ്രദീപ് കുമാർ വർമയുടെ മകൾ മാവേലിക്കര വലിയകൊട്ടാരം കൃഷ്ണവിലാസം കൊട്ടാരത്തിൽ പൂജാ വർമ, തിരുവല്ല പാലിയക്കര കൊട്ടാരത്തിൽ ശൈലേന്ദ്ര വർമ ദമ്പതികളുടെ മകനാണ് കശ്യപ് വർമ. നെതർലൻഡ്‌സ് അൽമേർ ഡിജിറ്റാലിസ് പ്രൈമറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
പന്തളം കൊട്ടാരത്തിലെ മൈഥിലിയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുക്കുത്തത്. മുൻ രാജപ്രതിനിധി പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ രാഘവവർമയുടെ മകൾ ശ്രുതി ആർ.വർമ, ചാഴൂർ കോവിലകത്തിൽ സി.കെ.കേരള വർമ ദമ്പതികളുടെ മകളാണ് മൈഥിലി. ബാംഗ്ലൂർ സംഹിത അക്കാദമി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. 2011ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് കെ.ടി.തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരത്തിലെ കുട്ടികളെ ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പിനായി നിയോഗിച്ചു വരുന്നത്.