Drisya TV | Malayalam News

ബഹ്‌റൈനിൽ പ്രവാസികളുടെ സ്മാർട്ട് ഐഡന്റിറ്റി കാർഡ് ഫീസ് ഇരട്ടിയാക്കാൻ നിർദേശം

 Web Desk    23 Jul 2026

ബഹ്‌റൈനിൽ പ്രവാസികളുടെ സ്മാർട്ട് ഐഡന്റിറ്റി കാർഡ് ഫീസ് ഇരട്ടിയാക്കാനുള്ള പുതിയ നിർദ്ദേശവുമായി മുനിസിപ്പൽ കൗൺസിലർമാർ രംഗത്ത്. ഗവൺമെന്റിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനും റെസിഡൻസി, ഐഡന്റിറ്റി രേഖകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് വർഷത്തേക്കുള്ള പ്രവാസികളുടെ സ്മാർട്ട് കാർഡ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നിലവിലുള്ള 10 ബഹ്റൈൻ ദിനാറിൽ നിന്ന് 20 ദിനാറായി ഉയർത്താനാണ് നിർദ്ദേശം.

പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലത്തിന് സമർപ്പിച്ച ഈ പദ്ധതി തുടർപഠനത്തിനായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയിലേക്ക് അയക്കും. സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫാണ് ഈ നിർദ്ദേശത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ഔദ്യോഗിക ഐഡന്റിറ്റി രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനും ഐഡി കാർഡുകൾ ആവർത്തിച്ച് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നത് തടയാൻ കടുത്ത പിഴകൾ ഏർപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

നിർദ്ദേശപ്രകാരം ബഹ്‌റൈൻ പൗരന്മാർ ആദ്യമായി കാർഡ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള 2 ദിനാർ ഫീസ് തുടരുമെങ്കിലും, അഞ്ച് വർഷത്തെ കാലാവധിക്കുള്ളിൽ കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഈടാക്കുന്ന തുക 4 ദിനാറിൽ നിന്ന് 3 ദിനാറായി കുറയ്ക്കും. എന്നാൽ ഇതേ കാലയളവിൽ രണ്ടാം തവണയും കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ മാറ്റിനൽകാനുള്ള ഫീസ് 20 ദിനാറായി ഉയരും. പ്രവാസികളെ സംബന്ധിച്ചിടത്തോളം കാർഡ് ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ ഉള്ള ചെലവ് 10 ദിനാറിൽ നിന്ന് 20 ദിനാറായി മാറും. കൂടാതെ നഷ്ടപ്പെട്ടാലോ കേടയാൽ പകരം നൽകുന്നതിനുള്ള ഫീസ് 40 ദിനാർ വരെ ഇരട്ടിയാക്കാനും സാധ്യതയുണ്ട്.

പ്രവാസികളെ നിരീക്ഷിക്കുന്നത് ശക്തമാക്കുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ കരട് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖരാത്ത പറഞ്ഞു. എന്നിരുന്നാലും, നിയമം മുന്നോട്ട് കൊണ്ടുപോകുന്നതിന് മുമ്പ് നിരവധി നിയമപരവും പ്രവർത്തനപരവുമായ വിഷയങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രവാസികളുടെ ഐഡന്റിറ്റി കാർഡുകൾ അവരുടെ റസിഡൻസി സ്റ്റാറ്റസുമായി നേരിട്ട് ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സ്മാർട്ട് കാർഡുകൾക്ക് അഞ്ച് വർഷത്തെ കാലാവധിയുണ്ടെങ്കിലും റസിഡൻസി പെർമിറ്റുകൾക്ക് പലപ്പോഴും വ്യത്യസ്ത കാലാവധിയാണ് ഉള്ളത്. ലൂപ്പ്ഹോളുകൾ ഒഴിവാക്കുന്നതിനും നീതിയുക്തമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനും റസിഡൻസി പെർമിറ്റുകളും ഐഡന്റിറ്റി കാർഡുകളും തമ്മിൽ വ്യക്തമായ ഏകോപനം ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News