നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
"നമ്മുടെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ നടപടികളുടെ തുടർച്ചയാണിത്. നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല"-മോദി എക്സിൽ കുറിച്ചു.
നീറ്റ് ചോദ്യച്ചോർച്ച വിവാദത്തെ ചൊല്ലി ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കുന്നത്.