രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പുരാതന ഈജിപ്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായ അമെൻഹോടെപ് മൂന്നാമന്റെ ശവകുടീരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഭൂനിരപ്പിൽ നിന്ന് 46 അടിയോളം (ഏകദേശം 14 മീറ്റർ) ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് സഞ്ചാരികൾക്ക് ഇനി ഈ അപൂർവ്വ ഭൂഗർഭ വിസ്മയം നേരിട്ട് കാണാം. ഈജിപ്ഷ്യൻ ചരിത്രത്തിലെ നിർണ്ണായക ചുവടുവെപ്പായ 'ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ' ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഈ ചരിത്രപ്രസിദ്ധമായ ശവകുടീരവും സന്ദർശകർക്കായി തുറന്നത്.
പതിനെട്ടാം രാജവംശത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ, അതായത് ബി.സി.ഇ 1390 മുതൽ 1350 വരെ ഏകദേശം 38 വർഷക്കാലമാണ് അമെൻഹോടെപ് മൂന്നാമൻ ഈജിപ്ത് ഭരിച്ചത്. 'അമെൻഹോടെപ് ദി മാഗ്നിഫിസന്റ്' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കൗമാരപ്രായത്തിൽത്തന്നെയാണ് സിംഹാസനത്തിലേറ്റത്.
ലക്‌സറിന് സമീപമുള്ള കൂറ്റൻ കൽപ്രതിമകളായ 'കൊളോസി ഓഫ് മെംനൺ', നുബിയയിലെ സോലെബിലുള്ള കൂറ്റൻ ക്ഷേത്രം, മെംഫിസിലെ നിരവധിയായ നിർമിതികൾ എന്നിവ ഇദ്ദേഹത്തിന്റെ ഭരണകാലത്തെ മികച്ച നിർമാണ മാതൃകകളാണ്. സാധാരണ കുടുംബത്തിൽ ജനിച്ച ടൈ എന്ന ബുദ്ധിമതിയായ സ്ത്രീയെയാണ് അദ്ദേഹം തൻ്റെ പ്രധാന രാജ്ഞിയാക്കിയത്. പിൽക്കാലത്ത് ഈജിപ്തിൽ വലിയ മത-സാമൂഹിക പരിഷ്കാരങ്ങൾ കൊണ്ടുവന്ന അഖ്നാതൻ ഫറവോയുടെ മാതാവ് കൂടിയാണ് ടൈ രാജ്ഞി.
1799ൽ നെപ്പോളിയന്റെ ഈജിപ്ഷ്യൻ പടയോട്ടക്കാലത്ത് ഫ്രഞ്ച് എഞ്ചിനീയർമാരായ പ്രോസ്പർ ജോളോയിസും എഡ്വേർഡ് ഡി വില്ലിയേഴ്‌സുമാണ് ഈ ശവകുടീരം ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് 1915ൽ പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ ഹോവാർഡ് കാർട്ടർ ഇവിടെ വിശദമായ ഖനനം നടത്തി. എന്നാൽ കാർട്ടർ എത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കവർച്ചക്കാർ ഈ ശവകുടീരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള സമ്പത്തെല്ലാം കൊള്ളയടിച്ചിരുന്നു.
36 മീറ്റർ (118 അടി) നീളമുള്ള ചരിഞ്ഞ പാതയിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ പരസ്പരം ബന്ധിപ്പിച്ച മൂന്ന് അറകളിലേക്ക് എത്തും. രാജാവിനും, ഭാര്യ ടൈ രാജ്ഞിക്കും, മകൾ സിറ്റാമുനും വേണ്ടിയാണ് ഈ അറകൾ നിർമിച്ചിരിക്കുന്നത്. രാജാവ് ദൈവങ്ങൾക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങളും, പരലോകത്തേക്കുള്ള ആത്മാവിന്റെ യാത്രയെ വഴിനടത്താൻ സഹായിക്കുമെന്ന് പുരാതന ഈജിപ്തുകാർ വിശ്വസിച്ചിരുന്ന 'ബുക്ക് ഓഫ് ദി ഡെഡ്' എന്ന വിശുദ്ധ ഗ്രന്ഥത്തിലെ വരികളും ചുമരുകളിൽ കാണാം.
ഈ വിശാലമായ ഭൂഗർഭ ശവകുടീരത്തിനുള്ളിൽ നിലവിൽ ഫറവോയുടെ മമ്മി ഇല്ല. പുരാതന കാലത്ത് ശവകുടീര മോഷണം പതിവായപ്പോൾ, മമ്മി കേടുപാടുകൾ കൂടാതെ സംരക്ഷിക്കുന്നതിനായി അന്നത്തെ ആളുകൾ ഇത് അമെൻഹോടെപ് മൂന്നാമന്റെ മുത്തശ്ശനായ അമെൻഹോടെപ് രണ്ടാമന്റെ ശവകുടീരത്തിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. നിലവിൽ കൈറോയിലെ 'നാഷണൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷനിൽ' (NMEC) മറ്റ് 16 രാജകീയ മമ്മികൾക്കൊപ്പം ഈ ഭൗതികശരീരം പ്രദർശിപ്പിച്ചിട്ടുണ്ട്. രാജാക്കന്മാരുടെ താഴ്‌വരയിലെ ഈ പുതിയ കൂട്ടിച്ചേർക്കലും, പുതുതായി ആരംഭിച്ച ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയവും രാജ്യത്തെ ടൂറിസം മേഖലയ്ക്ക് വൻ കുതിച്ചുചാട്ടം സമ്മാനിക്കുമെന്നാണ് ഈജിപ്ഷ്യൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.