Drisya TV | Malayalam News

സ്വകാര്യ ബസുകളിൽ പരസ്യങ്ങൾ പതിപ്പിക്കുന്നതിനുള്ള അനുമതി നൽകി ഗതാഗത വകുപ്പ് മന്ത്രി

 Web Desk    13 Jul 2026

സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനുള്ള വഴിയൊരുക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. സ്വകാര്യ ബസുകളിൽ പരസ്യം നൽകാനുള്ള അനുമതി നൽകുന്നുവെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള സർക്കാർ ഗതാഗതനയം നടപ്പാക്കുമെന്നും മന്ത്രി സി.പി. ജോൺ ഉറപ്പു നൽകി.

സ്വകാര്യ ബസുകളുടെ പുറത്തും അകത്തും പരസ്യങ്ങൾ പതിപ്പിക്കുന്നതിനുള്ള അനുമതി നൽകുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ സ്വകാര്യ ബസ് ഉടമകൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്ര നൽകിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ ആഘാതം മറികടക്കുന്നതിനാണ് ബസുകളിൽ പരസ്യം പതിപ്പിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.

പ്രിയദർശിനി പദ്ധതി ഒരു സർക്കാർ പോളിസിയാണ്. അത് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിക്ഷേപകരുടെ പ്രശ്‌നങ്ങൾ വളരെ സൂക്ഷ്മമായി വിലയിരുത്തുന്നതിനും, ഏതൊക്കെ മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനായി ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്‌സണുമായിട്ടുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളിൽ അവരുടെ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രിയദർശിനി സൗജന്യയാത്രയെ തുടർന്ന് വരുമാന നഷ്ടമുണ്ടായ ബസുകൾ ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിക്കണമെന്ന് മന്ത്രി മുമ്പ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വരുമാനം കണ്ടെത്തുന്നതിനുള്ള മാർഗ്ഗവും ബസ് ഉടമകൾക്ക് തുറന്നുനൽകുന്നത്. കെഎസ്ആർടിസി ബസുകളിൽ മുമ്പുതന്നെ പരസ്യങ്ങൾ പതിപ്പിച്ചിരുന്നു. എന്നാൽ, പ്രൈവറ്റ് ബസുകളുടെ പുറത്ത് പരസ്യം പതിപ്പിക്കാനുള്ള അനുമതി ഇപ്പോഴാണ് നൽകുന്നത്.

  • Share This Article
Drisya TV | Malayalam News