Drisya TV | Malayalam News

അമേരിക്ക ആക്രമണം കടുപ്പിച്ചു,ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ 

 Web Desk    12 Jul 2026

അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു. യുഎസ് ഇടപെടൽ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് അടച്ചതിനുപിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ശക്തമാക്കി. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാം ഘട്ട ആക്രമണമാണിത്.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് യുഎസ് നടത്തുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ എവിടെയാണ് ആക്രമണം നടത്തിയത് എന്ന കാര്യം യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ തെക്കൻ തീരത്തെ പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്‌ർ, ബുഷഹർ, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.

അനുവാദമില്ലാത്ത വഴിയിൽക്കൂടി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലിനെ ഐആർജിസി ആക്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചത്. തിരിച്ചടിച്ചാൽ കടുത്ത ആഘാതമുണ്ടാകുമെന്നും ഇറാൻ യുഎസിന് മുന്നറിയിപ്പ് നൽകി.

ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച് സമുദ്ര സുരക്ഷയെ അപകടത്തിലാക്കിക്കൊണ്ട് നീങ്ങിയ കപ്പൽ ആക്രമിക്കുകയും തടയുകയും ചെയ്തെന്ന് ഐആർജിസിയുടെ നാവികസേന പ്രസ്‌താവനയിൽ അറിയിച്ചു. എന്നാൽ, ഏതാണ് കപ്പൽ എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇറാൻ പുറത്തുവിട്ടിട്ടില്ല. കപ്പൽ മുന്നറിയിപ്പുകൾ അവഗണിച്ചെന്നും പ്രസ്താവനയിൽ പറയുന്നു.ഇറാനെതിരായ ആക്രമണങ്ങൾക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇറാൻ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News