സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി.
പ്രശസ്ത സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിൽ പാടിയാണ് ജാനകി ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവരുന്നത്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ പാടുവാൻ ആ വർഷം തന്നെ അവസരം ലഭിച്ചു. 1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. 1962ൽ പുറത്തിറങ്ങിയ കൊഞ്ചും ചിലങ്കൈ എന്ന തമിഴ്ചിത്രത്തിൽ ജാനകി പാടിയ ശിങ്കാര വേലനെ ദേവ എന്ന പാട്ട് തെന്നിന്ത്യൻ സംഗീതലോകത്തെ ഇളക്കിമറിച്ചു. സിനിമാസംഗീതമേഖലയിൽ ജാനകി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്.
ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ളീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജർമൻ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശിയ അവാർഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോൾ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തിൽ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാർഡിന് ജാനകിയെ അർഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്കുമാണ് അവർക്ക് ദേശിയ പുരസ്കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്ര സർക്കാരിൻറ അവാർഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള ഒഡീഷ സർക്കാരിന്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചു.
2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ പ്രഖ്യാപിച്ചു.ജാനകിയുടെ അവസാന സിനിമാഗാനവും മലയാളത്തിലായിരുന്നു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിൽ.