വിയറ്റ്നാമിൽ ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 15 മരണം. 32 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്കു യാത്രതിരിച്ച യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മിനിറ്റുകൾക്കകം തന്നെ ബോട്ട് മറിഞ്ഞെന്നാണ് വിവരം.
കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.