പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരൻ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
ചുണ്ടിലുണ്ടായ ചെറിയ മുറിവ് തുന്നിക്കെട്ടുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നൽകിയ അനസ്തേഷ്യയെ തുടർന്നാണ് കുട്ടി അബോധാവസ്ഥയിലായത്. ഇതിനെ തുടർന്ന് കുട്ടിയുടെ ആരോഗ്യം അഞ്ചു ദിവസത്തോളം മോശമായി തുടരുകയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ജൂലൈ അഞ്ചിന് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് ചുണ്ടിന് പരിക്കേൽക്കുന്നത്. തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് അനസ്തേഷ്യ നൽകി മുറിവ് തുന്നിക്കെട്ടാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. എന്നാൽ അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ കുട്ടിയുടെ ആരോഗ്യം വഷളാവുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരമാവധി മൂന്നു മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അനസ്തേഷ്യ നൽകിയതിന് തൊട്ടുപിന്നാലെ കുട്ടിക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം. തുടർന്ന് കുട്ടിയെ അടിയന്തിരമായി വെന്റിലേറ്റർ സഹായത്തിലേക്ക് മാറ്റിയ ശേഷമാണ് തീവ്രപരിചരണത്തിനായി ആശുപത്രിയുടെ കണ്ണൂരിലെ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും അവർ പറഞ്ഞു.
കൃത്യമായ അളവിലും മികച്ച വൈദ്യസഹായത്തോടെയും നൽകിയാൽ പോലും അനസ്തേഷ്യക്ക് ശേഷം ചിലപ്പോൾ ഇത്തരം സങ്കീർണ്ണതകൾ ഉണ്ടായേക്കാമെന്നാണ് ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കുട്ടിക്ക് അനസ്തേഷ്യ നൽകിയത് കൃത്യമായ രീതിയിലാണെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടു.