Drisya TV | Malayalam News

തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മസൈലുകൾ സജ്ജമാണെന്ന് ട്രംപ്

 Web Desk    11 Jul 2026

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ആസൂത്രണം നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടെ, മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ്.തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ആ രാജ്യത്തെ ലക്ഷ്യമിട്ട് 1000 മസൈലുകൾ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു.

അത്തരമൊരു നീക്കമുണ്ടായാൽ ഇറാനെതിരെ വൻ സൈനിക ആക്രമണം നടത്താൻ യുഎസ് സൈന്യത്തിന് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

'അമേരിക്കൻ പ്രസിഡന്റിനെ വധിക്കാനോ, വധിക്കാൻ ശ്രമിക്കാനോ ഇറാൻ ഒരുങ്ങിയാൽ 1000 മിസൈലുകൾ ഇറാനെ ലക്ഷ്യമിട്ട് സജ്ജമാണ്. ആദ്യ ആക്രമണത്തിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കും' ട്രംപ് കുറിച്ചു.ഇറാനെ പൂർണമായും തകർക്കാൻ ആവശ്യമായ നിർദേശങ്ങൾ യുഎസ് സൈന്യത്തിന് നേരത്തേ നൽകിയിട്ടുണ്ടെന്ന് അറിയിച്ച ട്രംപ് ഒരു വർഷത്തേക്ക് ആ നിർദേശം പ്രാബല്യത്തിലായിരിക്കുമെന്നും ആവശ്യമെങ്കിൽ അത് ദീർഘിപ്പിക്കുമെന്നും വ്യക്തമാക്കി.

ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്തെന്ന രഹസ്യാന്വേഷണവിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഈയാഴ്ചയാണ് ഇസ്രയേൽ ഇതുസംബന്ധിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള സാധ്യതതേടി സമാധാനചർച്ചകൾ പുരോഗമിക്കവേ ബുധനാഴ്ച പുലർച്ചെ ഇറാനെ അമേരിക്ക അപ്രതീക്ഷിതമായി ആക്രമിച്ചത് ഇക്കാരണത്താലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

  • Share This Article
Drisya TV | Malayalam News