Drisya TV | Malayalam News

വന്ദേമാതരവും ജനഗണമനയും ആലപിക്കുമ്പോൾ ഉച്ചാരണവും ശൈലിയും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 Web Desk    11 Jul 2026

ദേശീയഗീതമായ 'വന്ദേമാതര'വും ദേശീയഗാനമായ 'ജനഗണമന'യും ആലപിക്കുമ്പോഴും സംഗീതം കേൾപ്പിക്കുമ്പോഴും കൃത്യമായ സ്ക്രിപ്റ്റും ഉച്ചാരണവും ശൈലിയും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക വെബ്സൈറ്റിൽ ഇതിനായുള്ള ശരിയായ പദപ്രയോഗങ്ങളും ഉച്ചാരണ രീതികളും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഔദ്യോഗിക ചടങ്ങുകളിൽ ഇവ എങ്ങനെ, എപ്പോൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് മന്ത്രാലയം വ്യക്തമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനവേളകൾ, ഗവർണർമാരുടെ പദവി സംബന്ധിച്ച പരിപാടികൾ, ഔദ്യോഗിക പരേഡുകൾ തുടങ്ങി എവിടെയൊക്കെ, ഏത് സാഹചര്യത്തിലാണ് ഇവ ആലപിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സ് നിർബന്ധമായും എഴുന്നേറ്റ് നിന്ന് ശ്രദ്ധയോടെ ആദരവ് പ്രകടിപ്പിക്കണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം, ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ, കൃത്യം മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യത്തിൽ ആലപിക്കണം. ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് വരുന്ന സന്ദർഭങ്ങളിൽ, വന്ദേമാതരം ആദ്യം ആലപിച്ച ശേഷം ജനഗണമന പാടണമെന്നാണ് നിർദ്ദേശം. കൂടാതെ, സംസ്ഥാന ഗാനങ്ങൾ പാടുകയാണെങ്കിൽ അത് ദേശീയ ഗീത-ഗാനങ്ങൾക്ക് ശേഷമേ പാടാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ദേശീയഗാനത്തിന്റെ പദങ്ങളിലും സംഗീതത്തിലും ഭരണകൂടം അനുവദിക്കുന്ന മാറ്റങ്ങൾ ഒഴികെ മറ്റൊന്നും വരുത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News