Drisya TV | Malayalam News

സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച ശുചിത്വദിനമായി ആചരിക്കണമെന്ന് എ.ഡി.ജി.പി

 Web Desk    5 Jul 2026

സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച 'ശുചിത്വദിന'മായി ആചരിക്കണമെന്ന് എ.ഡി.ജി.പി. അന്നേ ദിവസം സ്റ്റേഷനുകളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങളും പരിപാലന പ്രവർത്തനങ്ങളും നടത്തണമെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയൻ ഉത്തരവിറക്കി. ഇതിന് പുറമേ ശുചിത്വം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് പൊലിസിന് എ.ഡി.ജി.പി കർശന നിർദേശങ്ങളും നൽകിയിട്ടുണ്ട്.

 

പൊലിസ് ഉദ്യോഗസ്ഥരുടെ വേഷവിധാനം വൃത്തിയുള്ളതും അച്ചടക്കമുള്ളതും വകുപ്പുതല മാനദണ്ഡങ്ങൾക്ക് അനുസൃതവുമാകണം.സ്റ്റേഷനുകളിൽ ഉപയോഗശൂന്യമായതും, കേടുപാടുകൾ സംഭവിച്ചതുമായ എല്ലാ സാധനങ്ങളും വകുപ്പുതല നടപടിക്രമങ്ങൾ പാലിച്ച് നീക്കം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഓരോ പൊലിസ് സ്റ്റേഷനും അനുവദിച്ചിട്ടുള്ള 1.60 ലക്ഷം രൂപയുടെ മെയിൻ്റനൻസ് ഗ്രാന്റ്, സൗന്ദര്യവൽക്കരണം, ശുചിത്വം, ക്ലീനിങ് പ്രവർത്തനങ്ങൾ, ഡസ്റ്റ് ബിന്നുകൾ വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം. മഴക്കാലം കണക്കിലെടുത്ത്, സ്റ്റേഷൻ പരിസരത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ മതിയായ ഡ്രെയിനേജ് സംവിധാനങ്ങളും കൃത്യമായ അറ്റകുറ്റപ്പണികളും ഉറപ്പാക്കണം. സ്റ്റേഷൻ പരിസരത്തുള്ള മരങ്ങൾ, ചെടികൾ, മറ്റ് സസ്യങ്ങൾ എന്നിവ വൃത്തിയുള്ളതും മനോഹരവുമായ അന്തരീക്ഷവും നിലനിർത്താൻ ശരിയായി പരിപാലിക്കണം.

പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, എം.പി, എം.എൽ.എ ഫണ്ടുകൾ, മറ്റ് നിയമപരമായ സ്രോതസുകൾ എന്നിവയിൽ നിന്നുള്ള സാമ്പത്തിക സഹായം സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉപയോഗിക്കണം. എല്ലാ ജില്ലാ പൊലിസ് മേധാവികളും ഡി.പി.സി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഒരു പൊലിസ് സ്റ്റേഷനെങ്കിലും ഏറ്റെടുത്ത് അതിന്റെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സേവനം എന്നിവ കൃത്യമായി അവലോകനം ചെയ്യണമെന്നും എല്ലാ അപേക്ഷകളും പരാതികളും നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കി കാലതാമസം ഒഴിവാക്കണമെന്നും എ.ഡി.ജി.പി നിർദേശം നൽകി.

  • Share This Article
Drisya TV | Malayalam News