സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജം.പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്.കസ്റ്റഡിയിലെടുത്ത 6 പേരെ പൊലീസ് ഇന്നലെ താൽക്കാലികമായി വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്നായിരുന്നു ഇത്. വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു.കുട്ടികൾ തമ്മിലുണ്ടായ തർക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുന്നു.
സ്കൂളിൽവച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.പത്തിലധികം പേർ തന്നെ പീഡിപ്പിച്ചുവെന്നും ഇതിൽ ആറ് പേർ സഹപാഠികളാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്.തുടർന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 6 പേരെ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടായിരുന്നു.
സ്കൂളിന് സമീപത്ത് വച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചുമായിരുന്നു പീഡനമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സമയം കസ്റ്റഡിയിൽ എടുത്തവർ ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
അതേസമയം പതിമൂന്ന് വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപഴ്സൻ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.