പൊതുസ്ഥലങ്ങളിൽ ലൗഡ്സ്പീക്കറിലൂടെയുള്ള ഇസ്ലാമിക ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക് സർക്കാർ പദ്ധതിയിടുന്നു. രാജ്യത്തെ സാമൂഹിക സമ്പർക്കത്തെയും വർദ്ധിച്ചുവരുന്ന "ഇസ്‌ലാമികവൽക്കരണ"ത്തെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ നീക്കം.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടക്കുമ്പോൾ "ഇസ്‌ലാമാബാദിന്റെ നഗരപ്രാന്തത്തിൽ" എത്തിയത് പോലെയാണ് തോന്നുന്നതെന്ന് ഡെന്മാർക്കിന്റെ്റെ ഇമിഗ്രേഷൻ ആൻഡ് ഇന്റഗ്രേഷൻ മന്ത്രി മോർട്ടൻ ബോഡ്സ്കോവ് പറഞ്ഞു.രാജ്യത്തുടനീളമുള്ള പള്ളികളിൽ നിന്ന് ലൗഡ്സ്പീക്കറിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടുകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ സർക്കാർ പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്ക് വിളിക്ക് ഡെന്മാർക്കിൽ സ്ഥാനമില്ലെന്ന് ബോഡ്സ്കോവ് വ്യക്തമാക്കയതായും ഡെന്മാർക്കിലൂടെ നടക്കുമ്പോൾ തങ്ങൾ എത്തിയത് ഇസ്ലാമാബാദിന്റെ ഏതെങ്കിലും നഗരപ്രാന്തത്തിലാണോ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞതായി 'ദി കോപ്പൻഹേഗൻ പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.
നിലവിൽ പ്രാദേശിക ശബ്ദ നിയന്ത്രണ നിയമങ്ങൾ വഴി നിയന്ത്രിക്കപ്പെടുന്ന ബാങ്ക് വിളിക്ക് പകരമായി രാജ്യവ്യാപകമായ ഒരു നിരോധനം കൊണ്ടുവരാനാണ് ഈ നിർദ്ദേശം ലക്ഷ്യമിടുന്നത്. പൊതുസ്ഥലങ്ങളിൽ ലൗഡ്സ്പീക്കറിലൂടെയുള്ള പ്രാർത്ഥനകളോ ബാങ്ക് വിളികളോ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഡെന്മാർക്ക് പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. മതപരമായ ആവിഷ്കാരങ്ങളും സാമൂഹിക സമ്പർക്കങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള ഡെന്മാർക്കിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കം.