Drisya TV | Malayalam News

കൊച്ചി–ലക്ഷദ്വീപ് സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്നു (ഞായറാഴ്ച) മുതൽ

 Web Desk    10 May 2026

കൊച്ചി–ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്നു (ഞായറാഴ്ച) മുതൽ. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണു പരീക്ഷണപ്പറക്കൽ നടത്തുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെയും വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന്റെയും ഭാഗമായാണു വിവിധ ദ്വീപുകളിലേക്കു സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.

പരീക്ഷണപ്പറക്കലിനുള്ള സ്പൈസ് ജെറ്റ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. ദ്വീപുകളിൽ നിന്ന് ഒരു മണിക്കൂറോളം ദൈർഘ്യമുള്ള യാത്രയാണു കൊച്ചിയിലേക്ക്. 20 പേർക്കു യാത്ര ചെയ്യാവുന്ന, ‘കനേഡിയൻ വൈക്കിങ് ഡിഎച്ച്സി–6–400 ട്വിൻ ഓട്ടർ’ ഇരട്ട എൻജിൻ വിമാനമാണു സർവീസുകൾക്ക് ഉപയോഗിക്കുന്നത്. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കുന്നതോടെ യാത്രാ സർവീസുകളുടെ തീയതി ഡിജിസിഎ പ്രഖ്യാപിക്കും.

പരീക്ഷണപ്പറക്കലിന്റെ സമയക്രമം ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പ് തീരുമാനിച്ചു. ഇന്നു രാവിലെ 10ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 11ന് അഗത്തിയിൽ എത്തും. വൈകിട്ട് 3.30ന് അഗത്തിയിൽ നിന്നു പുറപ്പെട്ട് 4.30ന് തിരികെ കൊച്ചിയിലെത്തും. നാളെ 10.30ന് കൽപേനിയിൽ എത്തുന്ന വിമാനം ഇവിടെ നിന്നു തുടർന്നു കവരത്തിയിലെത്തി 3.30ന് കവരത്തിയിൽ നിന്നു കൊച്ചിയിലേക്കു മടങ്ങും. 12ന് രാവിലെ 11.30ന് കടമത്ത് ദ്വീപിലെത്തുന്ന വിമാനം ഇവിടെ നിന്നു കിൽത്താനിലേക്കു പോയി വൈകിട്ടു 3.30ന് കൊച്ചിയിലേക്കു മടങ്ങും.

സ്കൈഹോപ് എന്ന കമ്പനിയാണു പരീക്ഷണപ്പറക്കലിനു നേതൃത്വം നൽകുന്നത്. ഡിജിസിഎ ഉദ്യോഗസ്ഥരും വിമാനത്തിൽ പരിശോധനയ്ക്കായി ഉണ്ടാകും. പരീക്ഷണപ്പറക്കൽ നടക്കുന്ന ദിവസങ്ങളിൽ ദ്വീപുകളിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. ഫയർ സർവീസ്, രക്ഷാപ്രവർത്തനത്തിനായി പരിശീലനം ലഭിച്ച ജീവനക്കാരുള്ള സുരക്ഷാ ബോട്ടുകൾ എന്നിവ സജ്ജമാക്കി. ലാൻഡിങ്, ടേക്ക് ഓഫ് വേളയിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിച്ച പ്രത്യേക ബോട്ടുകൾ അതതു ദ്വീപുകളിലെ പോർട്ട് അസിസ്റ്റന്റുമാർ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News