Drisya TV | Malayalam News

അഞ്ജു ബോബി ജോർജിൻ്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മലയാളിയായ ആൻസി സോജൻ

 Web Desk    27 Jun 2026

മലയാളി ലോങ് ജമ്പ് താരം അഞ്ജു ബോബി ജോർജിൻ്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന് മറ്റൊരു മലയാളിയായ ആൻസി സോജൻ. ഭുവനേശ്വറിൽ നടക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് 6.88 മീറ്റർ ദൂരം ചാടി തൃശ്ശൂർ സ്വദേശിയായ ആൻസി സോജൻ ചരിത്രം കുറിച്ചത്. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവ് കൂടിയാണ് അൻസി സോജൻ.

മത്സരത്തിന്റെ തുടക്കം മുതൽക്കേ മികച്ച ഫോമിലായിരുന്നു ആൻസി. ആദ്യശ്രമത്തിൽ 6.73 മീറ്റർ ചാടി മികച്ച തുടക്കംകുറിച്ചു. പിന്നീട് അഞ്ചാം ശ്രമത്തിലാണ് ആൻസി 6.88 മീറ്റർ എന്ന ചരിത്ര ദൂരത്തേക്ക് കുതിച്ചത്. അവസാന ശ്രമത്തിൽ 6.69 മീറ്റർ ദൂരത്തോടെയാണ് ആൻസി മത്സരം അവസാനിപ്പിച്ചത്. തകർപ്പൻ പ്രകടനത്തോടെ ഏഷ്യൻ ഗെയിംസിനും ആൻസി യോഗ്യത നേടി.

2004 ഓഗസ്റ്റ് 27-ന് ഏഥൻസ് ഒളിമ്പിക്സ് ലോങ് ജമ്പ് ഫൈനലിൽ അഞ്ചാം സ്ഥാനം നേടിയായിരുന്നു അഞ്ജു ബോബി ജോർജിന്റെ ചരിത്ര നേട്ടം. അന്ന് 6.83 മീറ്ററായിരുന്നു അഞ്ജു ബോബി ജോർജ് ചാടിയത്. ഇതിനെയാണ് ഇപ്പോൾ ആൻസി സോജൻ മറികടന്നത്.

  • Share This Article
Drisya TV | Malayalam News