Drisya TV | Malayalam News

അൻപതുരൂപയ്ക്ക് ഒരുദിവസത്തെ ഭക്ഷണം നൽകുന്ന കൊച്ചി കോർപ്പറേഷൻ്റെ ഇന്ദിരാ കാന്റീൻ തുറന്നു

 Web Desk    15 Mar 2026

അൻപതുരൂപയ്ക്ക് ഒരുദിവസത്തെ ഭക്ഷണം നൽകുന്ന കൊച്ചി കോർപ്പറേഷൻ്റെ ഇന്ദിരാ കാന്റീൻ തുറന്നു. പുതിയ ഭരണസമിതി വന്നശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ പ്രധാന പദ്ധതിയായിരുന്നു ഇത്. നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫീസിൽ ആരംഭിച്ച ആദ്യ ഇന്ദിരാ കാൻ്റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാന്റീൻ സമയം. തിങ്കളാഴ്‌ച മുതലാണ് പൂർണതോതിൽ പ്രവർത്തനമാരംഭിക്കുക.പശ്ചിമകൊച്ചിയിൽ ഉടൻ ഇന്ദിരാ കാന്റീൻ തുറക്കും.പ്രഭാത-രാത്രി ഭക്ഷണങ്ങൾക്ക് 10 രൂപ വീതവും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഈടാക്കുന്നത്. ഐ.ഡി.ബി.ഐ. ബാങ്കിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് ഇടപ്പള്ളിയിലെ ഇന്ദിരാ കാന്റീൻ യാഥാർഥ്യമാക്കിയത്. 50 രൂപയുണ്ടെങ്കിൽ ഒരാൾക്ക് ഒരുദിവസം വയറുനിറയെ ഭക്ഷണം കഴിക്കാമെന്ന് അധ്യക്ഷത വഹിച്ച മേയർ വി.കെ. മിനിമോൾ പറഞ്ഞു. കോർപ്പറേഷന്റെ അഭിമാന പദ്ധതിയായ സമൃദ്ധി ആണ് ഇന്ദിരാ കാന്റീനുകൾക്ക് ചുക്കാൻപിടിക്കുന്നത്. സമൃദ്ധിയെ ആഗോള ബ്രാൻഡാക്കി മാറ്റുമെന്നും മേയർ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News