തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമായി നീക്കിവെക്കാനാണ് സർക്കാരിന്റെ തീരുമാനം. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരാനിരുന്ന 46 പദ്ധതികളാണ് സർക്കാർ റദ്ദാക്കിയത്. 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങൾ, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികൾ എന്നിവയാണ് റദ്ദാക്കിയത്.
ഈ പദ്ധതികളിൽ ഭൂരിഭാഗവും മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചവയായിരുന്നുവെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല. ഇവയിൽ പല പദ്ധതികളും നിയമപരമായ തടസ്സങ്ങൾ നേരിടുന്നവയാണെന്നും അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തി. അതിനാൽ, വാണിജ്യ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനും ഭക്തരുടെ ക്ഷേമത്തിനും മുൻഗണന നൽകാനാണ് വിജയ് സർക്കാരിന്റെ നീക്കം.
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവാഹ മണ്ഡപങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നിർമ്മിക്കുന്നത് ക്ഷേത്രങ്ങൾക്ക് ഭാവിയിൽ വരുമാനം നൽകുമെന്നും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിവാഹങ്ങൾ നടത്താൻ ഇത് സഹായിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ ക്ഷേത്ര സ്വത്ത് മതപരമായ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.