Drisya TV | Malayalam News

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം

 Web Desk    22 Jun 2026

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം. ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാന്റിൽ ഞായറാഴ്ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്.സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 54 പേർക്ക് പരുക്കേൽക്കുകയും 18 പേരെ കാണാതാകുകയും ചെയ്തു.

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് ഇന്ധനം എത്തിക്കാൻ കഴിയാതെ ഖത്തർ ഉൽപാദനം നിർത്തിവച്ചിരിക്കുകയായിരുന്നു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്.

ഞായറാഴ്ച രാത്രി ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായതെന്ന് പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി അറിയിച്ചു.അപകടത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടാട്ടുണ്ടെന്ന് വ്യക്തമല്ല. ആദ്യഘട്ടത്തിൽ കുറച്ചുപേർക്ക് മാത്രമേ പരുക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് പരുക്കേറ്റവരുടെയും കാണാതായവരുടെയും വലിയ സംഖ്യ പുറംലോകമറിഞ്ഞത്.

  • Share This Article
Drisya TV | Malayalam News