2026 മേയ് 8 മുതൽ ഇൻസ്റ്റാഗ്രാം ഡയറക്ട് മെസ്സേജുകളിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റാ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം ചാറ്റുകൾക്ക് മുമ്പുണ്ടായിരുന്ന പൂർണ സ്വകാര്യത നഷ്‌ടപ്പെടും. 2023 മുതൽ ഇൻസ്റ്റഗ്രാമിൽ എൻക്രിപ്റ്റഡ് ഡിഎം സൗകര്യം ലഭ്യമായിരുന്നു. ഈ മാറ്റം സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ തന്നെ മെറ്റാ ഉപയോക്താക്കൾക്ക് ഒരു ബ്ലോഗ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന മെസ്സേജുകളോ മീഡിയകളോ ഉണ്ടെങ്കിൽ അവ ഡൗൺലോഡ് ചെയ്‌ത് ബാക്കപ്പ് ചെയ്യാൻ കമ്പനി നിർദേശിച്ചിട്ടുണ്ട്.എൻക്രിപ്ഷൻ ഒഴിവാക്കുന്നതോടെ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് ഈ മെസ്സേജുകൾ ആക്‌സസ് ചെയ്യാൻ സാധിച്ചേക്കാം എന്നത് ഇവ ദുരുപയോഗം ചെയ്യപ്പെടാൻ കാരണമായേക്കാം. കൂടാതെ സന്ദേശങ്ങൾ എല്ലാം നിരന്തരം ട്രാക്ക് ചെയ്യപ്പെടുകയും നിയമവിരുദ്ധമായവ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാറ്റം മെറ്റാ കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വ്യാപകമായി വിലയിരുത്തപ്പെടുന്നത്. കുട്ടികളുടെ സുരക്ഷയെ ഇൻസ്റ്റഗ്രാം ബാധിക്കുന്നുവെന്ന് കാണിച്ച് നിരവധി നിയമനടപടികളും കോടികളുടെ പിഴയും ഇൻസ്റ്റഗ്രാമിന് നേരിടേണ്ടി വന്നിരുന്നു.
എൻക്രിപ്ഷൻ നീക്കം ചെയ്യുന്നതിലൂടെ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിംഗ്, മറ്റ് ഉപദ്രവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്താൻ വേണ്ടി മെസ്സേജുകൾ സ്‌കാൻ ചെയ്യാൻ കമ്പനിക്ക് സാധിക്കും.ഈ സാഹചര്യത്തിൽ ചാറ്റുകൾക്ക് സ്വകാര്യത ആഗ്രഹിക്കുന്നവർ എൻക്രിപ്ഷൻ ലഭ്യമായ മറ്റ് ചാറ്റ് ആപ്പുകളിലേക്ക് മാറേണ്ടി വരും.