ഇന്റർനെറ്റിലെ ആദ്യകാല സെർച്ച് സംവിധാനങ്ങളിൽ ഒന്നുകൂടി ഓർമയാകുന്നു. മൂന്ന് പതിറ്റാണ്ടോളം ഇന്റർനെറ്റിൽ സാന്നിധ്യമറിയിച്ച Ask.com പ്രവർത്തനം അവസാനിപ്പിച്ചു. ആദ്യകാല വെബ് കാലഘട്ടത്തിലെ ഉപയോക്താക്കൾക്ക് സുപരിചിതമായിരുന്ന അക്കാലത്തെ പ്രശസ്തമായ പേരുകളിൽ ഒന്നാണ് ഇതോടെ ഇല്ലാതാകുന്നത്.
Ask.com ഉൾപ്പെടെയുള്ള സെർച്ച് ബിസിനസ്സ് നിർത്തലാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ലോകത്തിന്റെ ചോദ്യങ്ങൾക്ക് 25 വർഷത്തോളം ഉത്തരം നൽകിയ ശേഷം, Ask.com 2026 മേയ് 1-ന് ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിച്ചു' എന്ന് നടത്തിപ്പുകാരായ IAC സ്ഥിരീകരിച്ചു.
1990-കളുടെ അവസാനത്തിലും 2000-കളുടെ തുടർച്ചയിലുമൊക്കെ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന പലർക്കും വെബ് സെർച്ച് ചെയ്യാനുള്ള ആദ്യ സംവിധാനങ്ങളിൽ ഒന്നായിരുന്നു Ask Jeeves. അക്കാലത്തെ പരമ്പരാഗത സെർച്ച് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവിക ഭാഷയിൽ പൂർണമായ ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ ഇത് പ്രോത്സാഹിപ്പിച്ചിരുന്നു. സംഭാഷണത്തിന് സമാനമായ അനുഭവം നൽകുന്നതായിരുന്നു അത്. പല കാര്യങ്ങളിലും ആ സമീപനം ഇപ്പോൾ ആധുനിക AI ചാറ്റ്‌ബോട്ടുകൾക്ക് സമാനമാണ് എന്നതാണ് ശ്രദ്ധേയം.
1997-ൽ ഗൂഗിളിന്റെ വളർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. Ask Jeeves ഉപയോഗിക്കാൻ എളുപ്പമുള്ള രീതി അടക്കമുള്ളവകൊണ്ട് പെട്ടെന്ന് ജനപ്രിയമായി. അതിന്റെ പ്രശസ്തമായ ബട്ട്‌ലർ ഭാഗ്യചിഹ്നം ഡോട്ട്-കോം കാലഘട്ടത്തിൽ ബ്രാൻഡിനെ വേറിട്ട് നിർത്താൻ സഹായിച്ചു.എന്നാൽ സെർച്ചിൽ ഗൂഗിൾ പ്രബല ശക്തിയായി വളർന്നതോടെ Ask Jeevse പിടിച്ചുനിൽക്കാൻ പാടുപെട്ടു. 2005-ൽ IAC എന്ന കമ്പനി ബിസിനസ് ഏറ്റെടുത്തു. പിന്നാലെ പേരിൽ നിന്ന് 'Jeeves' ഒഴിവാക്കുകയും പ്ലാറ്റ്‌ഫോമിനെ Ask.com എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. കമ്പനി അതിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പ്രശസ്തമായ ബട്ട്‌ലർ ലോഗോയും അപ്രത്യക്ഷമായി.
2010 ആകുമ്പോഴേക്കും Ask അതിന്റെ പ്രധാന സെർച്ച് പാതയിൽനിന്ന് വഴിമാറുകയും ചോദ്യോത്തര രീതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. അതേ വർഷം, IAC അധികൃതർ ഗൂഗിളുമായി ഈ പ്ലാറ്റ്‌ഫോമിന് മത്സരിക്കാൻ കഴിയില്ലെന്ന് പരസ്യമായി സമ്മതിച്ചു. ബ്രാൻഡ് ഓൺലൈനിൽ നിലനിന്നെങ്കിലും ഒരിക്കൽ ഉണ്ടായിരുന്ന സ്വാധീനം അത് തിരികെ നേടിയില്ല.
വർഷങ്ങളായി, Ask.com നിലനിൽക്കാൻ വഴികൾ കണ്ടെത്തി. 2009-ൽ, ഇത് NASCAR-ന്റെ ഔദ്യോഗിക സെർച്ച് എൻജിനായി പോലും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യകാല ഇന്റർനെറ്റിന്റെ ഗൃഹാതുരത്വ സ്മരണയായി അത് തുടർന്നുവന്നെങ്കിലും ഒടുവിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു.