Drisya TV | Malayalam News

യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

 Web Desk    30 Mar 2026

യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്ക് ഉടൻ വ്യാപാരത്തിനായി തുറന്നുകൊടുക്കുന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ എന്നിവ പൂർണമായി നശിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താൻ മധ്യസ്ഥതവഹിച്ച് യു.എസ്. കഴിഞ്ഞയാഴ്ച അറിയിച്ച 15 ഇന വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുക, ആണവ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. എന്നാൽ, ഇറാൻ പകരം ചില ബദൽ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. മേഖലയിലെ ഇറാന്റെ സഖ്യകക്ഷികളെ ആക്രമിക്കുന്നത് ഇസ്രയേൽ നിർത്തണമെന്നും യുദ്ധത്തിലുണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരം ചെയ്യണമെന്നും പശ്ചിമേഷ്യയിലെ യു.എസ്. സൈനിക താവളങ്ങൾ നീക്കംചെയ്യണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ.

അതിനിടെ, യു.എസും ഇറാനും തമ്മിൽ ചർച്ചകൾ നടന്നുവെന്ന ട്രംപിന്റെ വാദങ്ങളെ ഇറാൻ നിഷേധിച്ചു. നയതന്ത്രത്തിന്റെ ഭാഷ സംസാരിക്കുമ്പോൾത്തന്നെ യു.എസ്. രഹസ്യമായി കരയുദ്ധത്തിന് പദ്ധതിയിടുകയാണെന്ന് ഇറാൻ ആരോപിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനെ സമ്മർദത്തിലാക്കുന്നതിനായി ഖാർഗ് ദ്വീപ് ഉപരോധിക്കാനോ കൈവശപ്പെടുത്താനോ ഉള്ള നീക്കത്തിലാണ് യു.എസെന്നും റിപ്പോർട്ടുകളുണ്ട്.

  • Share This Article
Drisya TV | Malayalam News