ശാരീരിക പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുന്ന യുവാക്കളിൽപോലും അമിതമായ സ്‌ക്രീൻ സമയം ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് പഠനം. പാകിസ്താനിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന 35 വയസടുത്ത് പ്രായമുള്ള മുതിർന്നവരുടെ ആരോഗ്യ വിവരങ്ങൾ നിരീക്ഷിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനത്തിൽ ഇതിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചിരുന്നു. ജോലിയിലോ പഠനത്തിലോ ഏർപ്പെടുന്നതിന് പുറമെ ദിവസവും ആറ് മണിക്കൂറോ അതിൽ കൂടുതലോ സ്‌ക്രീനിൽ ചെലവഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, മോശം കൊളസ്‌ട്രോൾ നില, ശരീരഭാരം വർധിക്കൽ എന്നിവയക്ക് കാരണമാകുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
കറാച്ചി അടക്കമുള്ള നഗരങ്ങളിലെ 35 വയസിനടുത്ത് പ്രായമുള്ള 382 മുതിർന്നവരുടെ ആരോഗ്യ വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. അവരുടെ സ്‌ക്രീൻ സമയം ഹൃദയാരോഗ്യ സൂചകങ്ങളുമായും ജീവിതശൈലിയുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠിച്ചു. സ്‌ക്രീനിൽ കുറഞ്ഞ സമയം ചെലവഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ദിവസവും ആറ് മണിക്കൂറോ അതിൽ കൂടുതലോ സ്‌ക്രീനിൽ സമയം ചെലവഴിക്കുന്നവർക്ക് അമിത രക്തസമ്മർദ്ദം, മോശം കൊളസ്‌ട്രോൾ, നല്ല കൊളസ്‌ട്രോൾ കുറവ് എന്നിവയുണ്ടെന്ന് സംഘം കണ്ടെത്തി. ഉദരത്തിലെ അമിതവണ്ണവും ഇവർക്കുണ്ടായിരുന്നു. ഇവയെല്ലാം കാർഡിയോമെറ്റബോളിക് അപകടസാധ്യതയുടെ പ്രധാന സൂചകങ്ങളാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ശാരീരിക പ്രവർത്തന നില പരിഗണിച്ചതിനു ശേഷവും സ്‌ക്രീൻ സമയവും ഹൃദയ സംബന്ധമായ അപകട സാധ്യതകളും തമ്മിലുള്ള ബന്ധം ഗണ്യമായി നിലനിന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്ന്. ചിട്ടയായ വ്യായാമം അമിതമായ സ്‌ക്രീൻ ഉപയോഗത്തിന്റെ മോശം ഫലങ്ങളെ പൂർണമായി ഇല്ലാതാക്കില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉയർന്ന സ്‌ക്രീൻ സമയവും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും ഉള്ളവർക്ക് രക്തസമ്മർദത്തിലടക്കം ശക്തമായ പ്രതികൂല ഘടകങ്ങൾ ഉണ്ടായിരുന്നു.
പരമ്പരാഗതമായി ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനുള്ള ഉപദേശങ്ങൾ പ്രധാനമായും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാകാര്യം പഠനത്തിന് നേതൃത്വം നൽകിയ ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ ഹെൽത്ത് ഹെൽത്ത് സയൻസസിലെയും ടാക്കി മെഡിക്കൽ സെന്ററിലെയും കാർഡിയോളജിസ്റ്റ് ഡോ. സായിൻ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. അമിതമായ സ്‌ക്രീൻ സമയം കുറയ്‌ക്കേണ്ടതും അത്യാവശ്യമാണെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ശാരീരിക പ്രവർത്തനങ്ങള് മെച്ചപ്പെടുത്തുക മാത്രമല്ല, ഡിജിറ്റൽ പെരുമാറ്റ രീതികൾ, ഡിജിറ്റൽ വെൽനെസ്, നീണ്ട സ്‌ക്രീൻ ഉപയോഗത്തിന് നിയന്ത്രണങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറയുന്നു.
ഉയർന്ന സ്‌ക്രീൻ സമയം കൂടുതൽ പുകവലി അടക്കമുള്ളവയുമായും ബന്ധപ്പെട്ടിരുന്നു എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ദിവസവും ആറ് മണിക്കൂറോ അതിൽ കൂടുതലോ സ്‌ക്രീൻ എക്‌സ്‌പോഷർ ഉള്ളവരിൽ നാലിലൊന്നിന് മുകളിൽ നിക്കോട്ടിൻ ഉപയോഗം റിപ്പോർട്ട് ചെയ്തു. കുറഞ്ഞ സ്‌ക്രീൻ ഉപയോഗം ഉള്ളവരിൽ ഇത് ഏകദേശം 12 ശതമാനം മാത്രമായിരുന്നു. വീഡിയോ ഗെയിമുകൾ കളിക്കുക, വീഡിയോകൾ കാണുക, അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങൾ അനന്തമായി സ്‌ക്രോൾ ചെയ്യുക എന്നിങ്ങനെ സ്‌ക്രീനിൽ ദീർഘനേരം ചെലവഴിക്കുന്നത് മോശം ഉറക്ക രീതികൾ, ക്രമരഹിതമായ ഭക്ഷണം, കൂടുതൽ നിഷ്‌ക്രിയ സമയം എന്നിവയിലേക്ക് നയിച്ചേക്കാം. ഇവയെല്ലാം ഹൃദയ സംബന്ധമായ അപകട സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.