Drisya TV | Malayalam News

റിയൽ എസ്റ്റേറ്റ് ഏജന്റുകളുടെ സഹായമില്ലാതെ ചാറ്റ് ജിപിടി ഉപയോഗിച്ച് വീട് വിറ്റത് ഒൻപതര കോടി രൂപക്ക്

 Web Desk    30 Mar 2026

റിയൽ എസ്റ്റേറ്റ് ഏജന്റുകളുടെ സഹായമില്ലാതെ ചാറ്റ് ജിപിടി ഉപയോഗിച്ച് തന്റെ വീട് ഏകദേശം ഒരു മില്യൺ ഡോളറിന് (ഏകദേശം 9,48,50,200 ഇന്ത്യൻ രൂപ) വിൽപന നടത്തി അമേരിക്കൻ സ്വദേശി ശ്രദ്ധേയനാകുന്നു. ഫ്ലോറിഡയിലെ മിയാമിയിൽ താമസിക്കുന്ന റോബർട്ട് ലെവിൻ എന്ന വ്യക്തിയാണ് ഈ നേട്ടം കൈവരിച്ചത്. വീടിന്റെ വില നിശ്ചയിക്കുന്നത് മുതൽ മാർക്കറ്റിംഗ്, വിൽപനയുമായി ബന്ധപ്പെട്ട ചർച്ചകൾ, പേപ്പർ വർക്കുകൾ എന്നിവയ്ക്കെല്ലാം ഇദ്ദേഹം ആശ്രയിച്ചത് എ ഐ ടൂളിനെയായിരുന്നു.

തന്റെ വീട് വിൽക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് ലെവിൻ ഇത് പരീക്ഷിച്ചത്. വീടിന്റെ മൂല്യം വർധിപ്പിക്കുന്നതിനായി ചില മുറികൾ വീണ്ടും പെയിൻ്റ് ചെയ്യാൻ ചാറ്റ് ജിപിടി നിർദേശിച്ചു. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങൾ വരുത്തുന്നത് നിക്ഷേപത്തിന് വലിയ ലാഭം നൽകുമെന്ന് എ ഐ ഉപദേശിച്ചതായി ലെവിൻ പറഞ്ഞു. പ്രാദേശിക റിയൽ എസ്റ്റേറ്റ് ഏജന്റുമാർ കണക്കാക്കിയതിനേക്കാൾ ഒരു ലക്ഷം ഡോളറോളം അധികം തുകയ്ക്കാണ് വീട് വിറ്റത്. 9,54,800 ഡോളറാണ് വീടിന് ലഭിച്ച ആകെ തുക.

ലിസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് ഓഫറുകൾ ലഭിക്കുകയും അഞ്ച് ദിവസത്തിനുള്ളിൽ വിൽപന നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.ഏജന്റുമാർക്ക് നൽകേണ്ടി വരുമായിരുന്ന വലിയ തുക കമ്മീഷൻ ലാഭിക്കാൻ ഇതുവഴി സാധിച്ചു. എന്നാൽ നിയമപരമായ കാര്യങ്ങൾക്കായി താൻ ഒരു അഭിഭാഷകന്റെ സഹായം തേടിയിരുന്നതായും പ്രൊഫഷണലുകളെ പൂർണ്ണമായും മാറ്റിനിർത്താൻ എ ഐക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News