കേരളത്തിലെ സെൻസസ് നടപടികളുടെ ആദ്യ ഘട്ടം സെൽഫ് എന്യൂമറേഷനോടെ ജൂൺ 16ന് ആരംഭിക്കും. വീടുവീടാന്തരം കയറിയുള്ള വിവരശേഖരണത്തിനു മുന്നോടിയായി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള 15 ദിവസം സമയമാണ് ജൂൺ 16 മുതൽ 30 വരെ. തുടർന്ന് ജൂലൈ ഒന്നു മുതൽ 30 വരെ വീടുകയറിയുള്ള ഹൗസ് ലിസ്റ്റിങ് ഓപ്പറേഷൻ (എച്ച്എൽഒ) നടക്കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ 33 ചോദ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത്.
രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങൾ (പോപ്പുലേഷൻ എന്യൂമറേഷൻ-പിഇ) ഉൾപ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.
ഇതിനൊപ്പമായിരിക്കും ജാതി സെൻസസ് നടക്കുക. ഇത് 2027 ഫെബ്രുവരിയിലായിരിക്കും. ഇതിന്റെ വിശദവിവരങ്ങൾ പിന്നീട് വിജ്ഞാപനം ചെയ്യും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായാണ് സെൻസസിൽ ജാതി കണക്കെടുപ്പ് നടക്കുന്നത്. 1931ലാണ് സമാനമായ ജാതി സെൻസസ് നടന്നത്.
കർണാടക, ഗുജറാത്ത് അടക്കം 11 സംസ്ഥാനങ്ങളിൽ ആദ്യഘട്ട സെൻസസിന്റെ സെൽഫ് എന്യുമറേഷൻ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഈ സംസ്ഥാനങ്ങളിൽ ഏപ്രിൽ 16 മുതലാണ് ഹൗസ് ലിസ്റ്റിങ് തുടങ്ങുന്നത്. അതത് സംസ്ഥാനങ്ങളിലെ സൗകര്യം പരിഗണിച്ചാണ് തീയതി തീരുമാനിച്ചിരിക്കുന്നത്. രാജ്യമാകെ 2026 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലുള്ള 30 ദിവസമാണ് ആദ്യഘട്ട കണക്കെടുപ്പിന് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് അവസാനമായി സെൻസസ് നടന്നത് 2011ലാണ്.