ദേശീയപാത കോയമ്പത്തൂർ സർവീസ് റോഡിനോടു ചേർന്നുള്ള വീടിനു മുന്നിലെ അലക്കുകല്ലിൽ ഇരിക്കുമ്പോൾ വിദ്യാർഥിനി ഗ്യാസ് ടാങ്കർ ലോറി കയറി മരിച്ചു. കെജി ചാവടി, താഡ്കോ കോളനിയിൽ ചിന്നരാജിന്റെ മകൾ ശ്രീനിധി (16) ആണു മരിച്ചത്. സേലം - കൊച്ചി ദേശീയപാതയോടു ചേർന്ന സർവീസ് റോഡിൽ ഇന്നലെ വൈകിട്ട് 6.45നാണ് അപകടം. കുനിയമുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് ശ്രീനിധി. കേരള റജിസ്ട്രേഷനുള്ള ഗ്യാസ് ടാങ്കർ ലോറിയാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് ഇടിച്ചത്.
വിദ്യാർഥിനി സംഭവസ്ഥലത്തു തന്നെ മരിച്ചു. നാട്ടുകാർ ലോറി തടഞ്ഞ് കോയമ്പത്തൂർ-വാളയാർ പ്രധാന റോഡ് രണ്ടു മണിക്കൂറോളം ഉപരോധിച്ചു. ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും വേഗനിയന്ത്രണത്തിനു മാർഗങ്ങൾ സ്വീകരിക്കാമെന്നും പൊലീസ് ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി.