Drisya TV | Malayalam News

കരയുദ്ധത്തിനായി യു.എസ് പടയൊരുക്കം

 Web Desk    30 Mar 2026

പശ്ചിമേഷ്യയിൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ ഗൾഫ് മേഖലയിൽ നടക്കുന്നത്. നിലവിൽ 57,000-ത്തിലധികം യുഎസ് സൈനികർ ഇറാൻ അതിർത്തിക്ക് സമീപം വിവിധ താവളങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് സെൻട്രൽ കമാൻഡിന്റെ അറിയിപ്പ് പ്രകാരം, 3,500-ലധികം സൈനികരും നാവികരുമായി യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക ആംഫിബിയസ് റെഡി ഗ്രൂപ്പ് (ARG) മേഖലയിൽ എത്തിച്ചേർന്നു. ഇതിനുപുറമെ, 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് പാരട്രൂപ്പർമാരോടും മേഖലയിലേക്ക് നീങ്ങാൻ ഉത്തരവിട്ടിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ഐലൻഡ് ലക്ഷ്യമിട്ടുള്ള ഒരു കരയുദ്ധത്തിനുള്ള തയ്യാറെടുപ്പായി ഇതിനെ സൈനിക വിദഗ്ധർ വിലയിരുത്തുന്നു.

നിലവിൽ ഖത്തർ (11,000 സൈനികർ), കുവൈത്ത് (14,000 സൈനികർ), ബഹ്റൈൻ (7,000 സൈനികർ) എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ പൂർണ്ണ സജ്ജമാണ്. യുഎസിന്റെ അഭിമാന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് അറ്റകുറ്റപ്പണികൾക്കായി മാറ്റിയതിനെത്തുടർന്ന്, പകരം യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് സ്ട്രൈക്ക് ഗ്രൂപ്പിനെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. എഫ്-35ബി സ്റ്റെൽത്ത് ഫൈറ്ററുകൾ വഹിക്കാൻ ശേഷിയുള്ള യുഎസ്എസ് ബോക്സർ എന്ന കപ്പലും കാലിഫോർണിയയിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു. സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, പശ്ചിമേഷ്യ വീണ്ടും ഒരു വലിയ യുദ്ധത്തിൻ്റെ നിഴലിലാണെന്ന് ഈ സൈനിക നീക്കങ്ങൾ വ്യക്തമാക്കുന്നു.

അമേരിക്കയുടെ ഈ വൻ സൈനിക വിന്യാസത്തിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറാന്റെ എണ്ണ സംഭരണശാലകൾ സ്ഥിതി ചെയ്യുന്ന ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുക. ഇറാന്റെ പക്കലുള്ളതായി കരുതപ്പെടുന്നതും കാണാതായതുമായ 400 കിലോഗ്രാം സമ്പുഷ്‌ട യുറേനിയം കണ്ടെത്തുക. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്കിലെ ഇറാന്റെ കടുത്ത നിയന്ത്രണം അവസാനിപ്പിച്ച് ഗതാഗതം പുനഃസ്ഥാപിക്കുക.കൂടാതെ, ഇറാനിൽ ഒരു ഭരണകൂട മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യവും യുഎസും ഇസ്രയേലും മുന്നോാട്ടു വെക്കുന്നുണ്ട്. ഇത്രയധികം സൈനിക വിന്യാസം നടക്കുമ്പോഴും ഭാവിയേപ്പറ്റി ആശങ്കകൾ ഉയർന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നേരിട്ടതുപോലെയുള്ള ഒരു 'തീരായുദ്ധത്തിലേക്ക്' ഈ നീക്കം അമേരിക്കയെ നയിക്കുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു. കരയുദ്ധമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആധുനിക ഡ്രോണുകളും പേർഷ്യൻ ഗൾഫിലെ മൈനുകളും ഉപയോഗിച്ച് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News