Drisya TV | Malayalam News

വീണ്ടും സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങി ആമസോൺ

 Web Desk    21 Mar 2026

ആപ്പിളിനെയും സാംസങ്ങിനെയും നേരിടാൻ ലക്ഷ്യമിട്ടാണ് 2014-ൽ ആമസോൺ തങ്ങളുടെ ആദ്യ സ്മാർട്ഫോൺ അവതരിപ്പിച്ചത്. എന്നാൽ വിപണിയിൽ കനത്ത തിരിച്ചടിയേറ്റ ഫയർഫോണുകൾ ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പിൻവലിക്കേണ്ടിവന്നു. വർഷങ്ങൾക്കിപ്പുറം ഇപ്പോൾ വീണ്ടും ആമസോൺ പുതിയ ഫോൺ രംഗത്തിറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫോർമർ എന്ന പേരിലാണ് ഈ പദ്ധതി കമ്പനിക്കുള്ളിൽ അറിയപ്പെടുന്നത്. കമ്പനിയുടെ ഡിവൈസസ് ആൻഡ് സർവീസസ് യൂണിറ്റിലാണ് ഇതിന്റെ ജോലികൾ നടക്കുന്നത്.

അലക്സ എന്ന ആമസോൺ ഹോം വോയ്സ് അസിസ്റ്റന്റുമായി ബന്ധിപ്പിക്കാവുന്നതും ദിവസം മുഴുവൻ ആമസോൺ ഉപഭോക്താക്കൾക്ക് ഒരു സഹായിയായി പ്രവർത്തിക്കാൻ കഴിയുന്നതുമായ ഒരു മൊബൈൽ പേഴ്സണലൈസേഷൻ ഉപകരണമായാണ് ഈ ഫോണിനെ കാണുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ശബ്ദനിയന്ത്രിതമായ ഒരു കംപ്യൂട്ടിങ് അസിസ്റ്റന്റ് എന്ന ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ദീർഘകാല സ്വപ്നം വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഉദ്യമമെന്നും റിപ്പോർട്ടുകൾ വിലിയിരുത്തുന്നു. നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് പുതിയ ഫോണിൽ വലിയ പ്രാധാന്യം ലഭിച്ചേക്കാം. അലക്‌സ ഫോണിലെ പ്രധാന ഫീച്ചർ ആയിരിക്കുമെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കാനിടയില്ല. പഴയ ഫയർഫോണിൽ ഫയർ ഒഎസ് ആയിരുന്നു ഉണ്ടായിരുന്നത്.

അടുത്തിടെയൊന്നും ഒരു സ്മാർട്ഫോണിനായി ആമസോൺ ശ്രമിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിട്ടില്ല. ഫോണിന് എന്തു വിലയുണ്ടായിരിക്കുമെന്നോ ആമസോൺ ഇതിലൂടെ എത്ര വരുമാനം ലക്ഷ്യമിടുന്നുണ്ടെന്നോ എത്രതുക പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ടെന്നോ ഉള്ള വിവരങ്ങൾ വ്യക്തമല്ല.

  • Share This Article
Drisya TV | Malayalam News