Drisya TV | Malayalam News

തിമിംഗലങ്ങളുടെ ആയുസിന്‍റെ രഹസ്യം മനുഷ്യരിലേക്കും എത്തിക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍

 Web Desk    21 Mar 2026

ഭൂമിയില്‍ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ജീവികളിൽ ഒന്നാണ് തിമിംഗലങ്ങള്‍. ആ തിമിംഗലങ്ങളുടെ ആയുസിന്‍റെ രഹസ്യം മനുഷ്യരിലേക്കും എത്തിക്കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. ഇതോടെ മനുഷ്യർക്ക് 200 വർഷം വരെ ജീവിക്കാൻ കഴിയുമെന്നുമാണ് റോച്ചസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം പറയുന്നത്. ‌‌മനുഷ്യരില്‍ വാർദ്ധക്യം മന്ദഗതിയിലാക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും ഈ കണ്ടെത്തല്‍ സഹായിക്കുമത്രേ.

ഏകദേശം രണ്ട് നൂറ്റാണ്ടോളമെങ്കിലും ജീവിക്കുന്ന ബോഹെഡ് തിമിംഗലങ്ങളെയാണ് ഗവേഷകര്‍ പഠന വിധേയമാക്കുന്നത്. ഇവയുടെ ദീർഘായുസ്സും രോഗ പ്രതിരോധ ശേഷിയും വിശദീകരിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. CIRBP എന്നറിയപ്പെടുന്ന ഈ പ്രോട്ടീന്‍ ഒരു ഡിഎൻഎ-റിപ്പയർ പ്രോട്ടീനാണ്. ഇത് ഉയര്‍ന്ന അളവില്‍ തിമിംഗലങ്ങൾ ഉത്പാദിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് സസ്തനികളെ അപേക്ഷിച്ച് ബോഹെഡ് തിമിംഗലങ്ങളിൽ ഈ പ്രോട്ടീൻ 100 മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. മനുഷ്യരിൽ വാർദ്ധക്യം, കാൻസർ, മറ്റ് രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഡബിൾ-സ്ട്രാൻഡ് ഡിഎൻഎ ബ്രേക്ക്‌സ് എന്നറിയപ്പെടുന്ന ഗുരുതരമായ ജനിതക നാശത്തെ പരിഹരിക്കാൻ സഹായിക്കാന്‍ കഴിവുള്ളവയാണ് ഈ പ്രോട്ടീന്‍.

വലിയ ജീവികൾക്ക് കൂടുതൽ കോശങ്ങളുള്ളതിനാല്‍ കാൻസർ സാധ്യത കൂടുതലാണ്. പക്ഷേ പല ജീവികളിലും കാന്‍സര്‍ കണ്ടുവരുന്നില്ല. കാന്‍സര്‍ ബാധിക്കാതെ ഇവ കൂടുതൽ കാലം ജീവിക്കുന്നു. കോടിക്കണക്കിന് കോശങ്ങളുള്ള തിമിംഗലങ്ങള്‍ ഇത്രയും കാലം ജീവിച്ചിട്ടും കാൻസർ വരാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഈ കണ്ടെത്തൽ സഹായിച്ചേക്കാം. കൂടുതൽ പരീക്ഷണങ്ങളുടെ ഭാഗമായി തിമിംഗലങ്ങളില്‍ നിന്നുള്ള CIRBP പ്രോട്ടീന്റെ ഒരു പതിപ്പ് മനുഷ്യകോശങ്ങളിലും ഈച്ചകളിലും ശാസ്രജ്ഞര്‍ അവതരിപ്പിച്ചു. തല്‍ഫലമായി ഈച്ചകളില്‍ ഡിഎൻഎ റിപ്പയർ മെച്ചപ്പെട്ടതായും ആയുസ്സ് വർധിച്ചതായും കണ്ടെത്തി.

തണുത്ത താപനില കോശങ്ങളിലെ CIRBP പ്രോട്ടീനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പാരിസ്ഥിതിക അല്ലെങ്കിൽ ജീവിതശൈലി ഘടകങ്ങൾ മനുഷ്യരില്‍ പ്രോട്ടീനെ സ്വാധീനിക്കുമോ എന്ന ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ കണ്ടെത്തല്‍. എന്നിരുന്നാലും ഗവേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും മെഡിക്കൽ സാധുത തീരുമാനിക്കുന്നതിന് മുന്‍പ് കൂടുതല്‍ പഠനം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

  • Share This Article
Drisya TV | Malayalam News