Drisya TV | Malayalam News

ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും

 Web Desk    21 Mar 2026

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. വെളിയം ചെറുകരക്കോണം സ്വദേശിയാണ് സന്ദീപ്.

കൊലപാതകത്തിന് ജീവപര്യന്തവും വധശ്രമത്തിന് 307-ാം വകുപ്പ് അനുസരിച്ച് 10 വർഷവും 326-ാം വകുപ്പ് അനുസരിച്ച് 10 വർഷവും ശിക്ഷ അനുഭവിക്കണം. ആശുപത്രിയിൽ അതിക്രമം കാട്ടിയതിന് 5വർഷം ശിക്ഷ ലഭിക്കും. ഐപിസി 323, 324, 332, 333 വകുപ്പുകൾ ഉൾപ്പെടെ 30 വർഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കൂ എന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.

അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യം അല്ലെന്നു കണ്ടെത്തിയതിനാലാണ് ജീവപര്യന്തം. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. നിയമത്തിന് കൊടുക്കാൻ കഴിയുന്ന വിധി ഇതായിരിക്കുമെന്ന് വന്ദനയുടെ അമ്മ വസന്തകുമാരി പറഞ്ഞു. പ്രോസിക്യൂട്ടറുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കും. വധശിക്ഷ നൽകണം. അതിനേക്കാളുപരി മകൾ അനുഭവിച്ച വേദന പ്രതിയും അറിയണമെന്നും വസന്തകുമാരി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News