Drisya TV | Malayalam News

"ചാരായം" തിരിച്ചുവരുന്നു, അങ്ങ് യൂറോപ്പിൽ

 Web Desk    15 Mar 2026

എ.കെ.ആന്റണി സർക്കാർ ചാരായം നിരാേധിച്ചത് 1996 ഏപ്രിൽ ഒന്നിന്. കൃത്യം 30 വർഷം തികയുന്ന 2026 ഏപ്രിൽ ഒന്നിന് കേരളത്തിന്റെ സ്വന്തം 'ചാരായം" തിരിച്ചുവരികയാണ്. കേരളത്തിലല്ല, അങ്ങ് യൂറോപ്പിൽ.

അതേ നിറം, മണം, രുചി. 33 % ആൽക്കഹോൾ എന്ന അളവും തെറ്റിച്ചിട്ടില്ല. പഴയ ലേബൽ മുതൽ 90 മില്ലിയുടെ 'പൊടിക്കുപ്പി" വരെ അതേപടി നിലനിറുത്തിക്കൊണ്ടാണ് പുനരവതാരം. കൊടുങ്ങല്ലൂർ സ്വദേശി മിഥുൻ മോഹൻ തന്റെ സംരംഭം പ്രഖ്യാപിച്ചതു മുതൽ രണ്ടെണ്ണം അടിക്കുന്ന യൂറോപ്യൻ മലയാളികൾ ആവേശത്തോടെ കട്ടവെയിറ്റിംഗിലാണ്.

പരമാവധി രാജ്യങ്ങളിൽ എത്തിക്കാനാണ് ശ്രമം. യു.കെയിലെ മുഖ്യ വിതരണക്കാരായ ക്രഡൻസ് കണക്ഷൻസ് മുൻകൂർ ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി. ഏപ്രിൽ ഒന്നിന് പോളണ്ടിലാണ് ഉദ്ഘാടനമെങ്കിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾ ഇന്ത്യൻ റസ്റ്റോറന്റുകളിലും ബാറുകളിലും 'ചാരായം റിട്ടേൺ പാർട്ടി" നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

12 വർഷത്തിലേറെയായി യൂറോപ്പിലാണ് മിഥുന്റെ താമസം. മദ്യവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന മിഥുന് ആയുർവേദത്തിന്റെ രുചിക്കൂട്ടുകളും പോളിഷ് വോഡ്കയും ചേർത്ത് നിർമ്മിച്ച 'ആയുർവോഡ്" എന്ന ഉത്പന്നത്തിന് 2025ലെ വാർസോ സ്പിരിറ്റ് മത്സരത്തിൽ സ്വർണ മെഡൽ ലഭിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News