സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കേരളം. മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തിൽ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കൾക്ക് സംസ്ഥാനതല അംഗീകാരം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 2026 ജനുവരി 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രിയിലെ സെന്റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോമിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കും.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ സൂക്ഷ്മാണുക്കൾ വഹിക്കുന്ന അനിവാര്യ പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്തുക, സൂക്ഷ്മാണുക്കളെ സംബന്ധിച്ച ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവും പ്രകൃതി അധിഷ്ഠിതവുമായ പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മജീവി വൈവിധ്യം സംരക്ഷിക്കുക, ലൈഫ് സയൻസ് രംഗത്തേക്ക് കൂടുതൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കാൻ കേരളം തയ്യാറെടുക്കുന്നത്.
സാധാരണയായി രോഗകാരികളെന്ന ധാരണയിൽ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷ്മാണുക്കൾ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളിൽ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ സൂക്ഷ്മാണുക്കൾ നൽകുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചർച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്. ആരോഗ്യ - പരിസ്ഥിതി മേഖലകളിൽ സൂക്ഷ്മാണുക്കളുടെ പ്രാധാന്യം അംഗീകരിക്കുകയും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ നീക്കം സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
രോഗകാരിയല്ലാത്തതും, കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തതും, വിവിധ മേഖലകളിൽ പ്രയോഗയോഗ്യവും സാമ്പത്തിക മൂല്യമുള്ളതും, GRAS (Generally Recognized As Safe) പദവി ലഭിച്ചതുമായ സൂക്ഷമാണുവിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യ, മൃഗ, ജല, സസ്യ, പരിസ്ഥിതി മേഖലകളിലെല്ലാം ഗുണകരമാകുന്ന ബാക്ടീരിയാണ് ഇത്.സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽവച്ച് കിൻഫ്രയിൽ ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുള്ള സെന്റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോമിന്റെ സമർപ്പണവും റിസർച്ച് ആൻഡ് ഇൻഡസ്ട്രിയൽ ലാൻഡ്‌സ്‌കേപ് ഓഫ് മൈക്രോബയോം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.