ഗ്രീൻലാൻഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾ ആലോചിച്ച് യൂറോപ്യൻ യൂണിയൻ. തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യൻ യൂണിയൻ ആലോചിക്കുന്നത്.
ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികൾ വർദ്ധിക്കുന്നതിനിടയിലാണ് 'ട്രേഡ് ബസൂക്ക' എന്ന് വിളിക്കപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാൻ 27 രാജ്യങ്ങൾ അടങ്ങുന്ന കൂട്ടായ്മ ഒരുങ്ങുന്നത്.
ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഫെബ്രുവരി 1 മുതൽ യുഎസ് 10 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്തിയില്ലെങ്കിൽ ജൂൺ 1 മുതൽ താരിഫ് 25 ശതമാനമായി ഉയരുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഡാനിഷ് പ്രദേശം യുഎസ് സുരക്ഷയ്ക്ക് നിർണായകമാണെന്നും ആവശ്യമെങ്കിൽ ബലപ്രയോഗം നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രീൻലാൻഡിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ നടത്തിയ പ്രസ്താവനകളെ തുടർന്നാണ് അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും തമ്മിലുള്ള തർക്കം രൂക്ഷമായത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനം നയതന്ത്ര ബന്ധങ്ങളെ വളരെ വേഗത്തിൽ വഷളാക്കിയതിനെ തുടർന്ന് ഞായറാഴ്ച ബ്രസൽസിൽ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ അടിയന്തരമായി യോഗം ചേർന്നു. അടിയന്തര പ്രതിരോധ നടപടികളിലും യുഎസ്-ഇയു ബന്ധങ്ങളുടെ ഭാവിയിലേക്കുള്ള വിശാലമായ പ്രത്യാഘാതങ്ങളിലുമാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. അടിയന്തര ചർച്ചകൾക്ക് ശേഷം സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആദ്യമായി യൂറോപ്യൻ യൂണിയന്റെ 'ട്രേഡ് ബസൂക്ക' ഉപയോഗിക്കേണ്ട സമയമാണിതെന്ന് പ്രഖ്യാപിച്ചു.