ഇന്ത്യ ആഗോള വിപണിയിൽ ഒരു പ്രബല ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് കോൺഗ്രസ് അംഗം റിച്ച് മക്കോർമിക്. അമേരിക്കയുടെ സാമ്പത്തിക രംഗത്ത് ഇന്ത്യ നൽകുന്ന സംഭാവനകൾ പാകിസ്താനേക്കാൾ വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 കോടി ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും പാകിസ്താൻ അമേരിക്കയിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരുന്നില്ലെന്ന് മക്കോർമിക് പറഞ്ഞു. എന്നാൽ ഇന്ത്യ അമേരിക്കയിൽ നിന്ന് നിക്ഷേപം സ്വീകരിക്കുക മാത്രമല്ല, തിരികെ വലിയ തോതിൽ നിക്ഷേപങ്ങൾ എത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
അമേരിക്കൻ കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നത് ഇന്ത്യയിലാണെന്നും പാകിസ്താനിലല്ലെന്നും ചടങ്ങിൽ പങ്കെടുത്ത ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആമി ബെറയും വ്യക്തമാക്കി.
ഇന്ത്യയുടെ വളരുന്ന മധ്യവർഗം ആഗോള വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ടുണ്ടെന്ന് റിച്ച് മക്കോർമിക് പറഞ്ഞു. ഇന്ത്യ വെറും പ്രതിഭകളെ കയറ്റുമതി ചെയ്യുക മാത്രമല്ല, ലോകത്തെ വിവിധ മേഖലകളിലെ വിടവുകൾ നികത്താൻ ആവശ്യമായ കഴിവുള്ളവരെ വാർത്തെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള ബന്ധം തകരാറിലാകുന്നത് അമേരിക്കയ്ക്ക് വലിയ ദോഷം ചെയ്യുമെന്ന് മക്കോർമിക് മുന്നറിയിപ്പ് നൽകി. 'അമേരിക്ക ഇന്ത്യക്കാരെ സുഹൃത്തുക്കളായി സ്വീകരിച്ചാൽ നമുക്ക് സമാധാനവും അഭിവൃദ്ധിയും ഉണ്ടാകും. എന്നാൽ അവരെ അകറ്റിനിർത്തിയാൽ അത് നമുക്കെല്ലാവർക്കും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും,' അദ്ദേഹം പറഞ്ഞു.
വ്യാപാര നിയന്ത്രണങ്ങളും താരിഫുകളും സംബന്ധിച്ച് നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിൽ ഇരുരാജ്യങ്ങളും ഉറച്ചുനിൽക്കുന്നുവെന്ന് ആമി ബെറ ചൂണ്ടിക്കാട്ടി. ഇത്തരം ചെറിയ തർക്കങ്ങൾക്കപ്പുറം വലിയൊരു സഹകരണത്തിനാണ് ഇരുരാജ്യങ്ങളും മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.