Drisya TV | Malayalam News

സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത; രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

 Web Desk    17 Jan 2026

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ചു. ഈ സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കും.

 

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള  ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉൾപ്പെടുന്നു. ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയുന്ന ഈ ട്രെയിനിൽ സുരക്ഷയ്ക്കായി ‘കവച്’ എമർജൻസി ടോക്ക് ബാക്ക് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

എസി ത്രീ-ടയർ ടിക്കറ്റുകൾക്ക് 960 രൂപ മുതലാണ് ആരംഭിക്കുന്നത്. എസി ടു-ടയറിന് ഏകദേശം 1,240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കുന്നു. ഏകദേശം 1,000 കിലോമീറ്റർ യാത്രകൾക്ക് ടിക്കറ്റ് നിരക്ക് 2,400 രൂപ മുതൽ 3,800 രൂപ വരെയാണ്. വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News