ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.
വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. വിവാഹജീവിതത്തിൽ പ്രശ്നമുണ്ടായ ഘട്ടത്തിലാണ് രാഹുൽ സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധംസ്ഥാപിച്ചതെന്നും ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഹോട്ടൽമുറിയിൽവെച്ച് ക്രൂരമായി ബലാത്സംഗംചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു. മർദിക്കുകയും മുഖത്ത് തുപ്പുകയുംചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നൽകി.ബന്ധം അകലാതിരിക്കാൻ കുഞ്ഞ് വേണമെന്ന് പറഞ്ഞു. എന്നാൽ, ഗർഭം ധരിച്ചപ്പോൾ രാഹുലിന്റെ സ്വഭാവംമാറി. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. സാമ്പത്തികമായി വലിയരീതിയിൽ ചൂഷണംചെയ്ത് തുടങ്ങിയ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുണ്ടായിരുന്നത്.ജനുവരി 11-ന് പുലർച്ചെയോടെയാണ് മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.