Drisya TV | Malayalam News

പതിനാലു വയസ്സുകാരി സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം

 Web Desk    17 Jan 2026

പതിനാലു വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിക്കു നേരെ വയനാട് പുൽപ്പള്ളിയിൽ ആസിഡ് ആക്രമണം. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആസിഡ് ആക്രമണത്തിൽ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പുൽപള്ളി മരകാവ് പ്രിയദർശിനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച അയൽവാസി വേട്ടറമ്മൽ രാജു ജോസിനെ(55) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവി വിലാസം ഹൈസ്കൂൾ വിദ്യാർഥിയാണ് മഹാലക്ഷ്മി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ പെൺകുട്ടിയോട് അതിന്റെ യൂണിഫോം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധം മൂലമാണ് ഈ ആക്രമണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. രാജു ജോസിന് മാനസിക പ്രശ്നമുള്ളതായി കരുതുന്നതായും സംഭവത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്നു പരിശോധിച്ചു വരുന്നതായും പുൽപ്പള്ളി പൊലീസ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News