Drisya TV | Malayalam News

യുഎഇ പാസ്‌പോര്‍ട്ടിന് ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം

 Web Desk    16 Jan 2026

2026ലെ ഏറ്റവും പുതിയ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം, യുഎഇ പാസ്‌പോര്‍ട്ട് ലോകത്തിലെ അഞ്ചാമത്തെ ശക്തമായ പാസ്‌പോര്‍ട്ടായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു സ്ഥാനങ്ങളുടെ മുന്നേറ്റമാണ് യുഎഇ ഇത്തവണ കൈവരിച്ചത്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിങ്ഡം, കാനഡ, ഐസ്‌ലാന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് യുഎഇ അഞ്ചാം സ്ഥാനത്തെത്തിയത്. ഹംഗറി, പോര്‍ച്ചുഗല്‍, സ്ലോവാക്യ, സ്ലോവീനിയ എന്നീ രാജ്യങ്ങളോടൊപ്പം സംയുക്തമായാണ് യുഎഇയ്ക്ക് അഞ്ചാം റാങ്ക് ലഭിച്ചത്.

യുഎഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 184 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ വിസ ഓണ്‍അറൈവല്‍ സംവിധാനത്തിലൂടെയോ പ്രവേശിക്കാനാവും. 192 രാജ്യങ്ങളിലേക്കുള്ള വിസാരഹിത പ്രവേശനത്തോടെ സിംഗപ്പൂര്‍ ഒന്നാം സ്ഥാനവും, ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനവും നേടി. ഡെന്‍മാര്‍ക്ക്, ലക്‌സംബര്‍ഗ്, സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ രാജ്യമായി യുഎഇ മാറിയതും റിപോര്‍ട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ യുഎഇ നേടിയ നയതന്ത്ര ശക്തിയും അന്താരാഷ്ട്ര ബന്ധങ്ങളിലെ പുരോഗതിയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

  • Share This Article
Drisya TV | Malayalam News