സ്പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനുശേഷം ആദ്യമായി ഒരു വനിത എത്തുന്നു. ഫെലിപ്പെ ആറാമൻ രാജാവിന്റേയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്പെയിനിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് ശേഷം ആദ്യമായി സ്പെയിനിന്റെ തലപ്പത്തെത്തുന്ന വനിതയാണ് 20-കാരിയായ ഈ ജെൻ സി രാജകുമാരി. പിതാവ് ഫെലിപ്പെ ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് രാജകുമാരി സ്പെയിനിൻ്റെ രാജ്ഞി പദവിയിലെത്തുക.
മാധ്യമപ്രവർത്തകയായിരുന്ന ലെറ്റീസിയ രാജ്ഞി 2004-ലാണ് ഫെലിപ്പെ ആറാമൻ രാജാവിനെ വിവാഹം ചെയ്യുന്നത്. ഇരുവരുടേയും മൂത്തമകളായി 2005 ഒക്ടോബർ 31-ന് സ്പെയിനിലെ മാഡ്രിഡിലാണ് ലിയോനോർ രാജകുമാരി ജനിച്ചത്. ലിയോനോറിൻ്റെ അനിയത്തി ഇൻഫാന്റ സോഫിയ 2007-ലാണ് ജനിച്ചത്. അസ്റ്റൂറിയസിലെ രാജകുമാരി എന്ന നിലയിൽ ലിയോനോറാണ് സ്പെയിനിന്റെ അടുത്ത കിരീടാവകാശി.