യുഎസ് ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്‌ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും വൈകിയേക്കും. വ്യോമാതിർത്തി ഇറാൻ അടച്ചതോടെ പ്രധാന വിമാനക്കമ്പനികളെല്ലാം സർവീസുകൾ വഴിതിരിച്ചു വിടുകയാണ്.
ഇന്ന് പുലർച്ചെ 3.45ഓടെയാണ് തങ്ങളുടെ വ്യോമാതിർത്തികൾ അടയ്ക്കുന്നതായി ഇറാൻ അറിയിപ്പ് നൽകിയത്. എന്നാൽ 7.30ഓടെ വ്യോമാതിർത്തി വീണ്ടും തുറന്നു. രാവിലെ 5.30 ഓടെയാണ് എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെടുന്നതിനെ കുറിച്ച് എക്സിൽ പോസ്‌റ്റ് ചെയ്തത്.
ഇറാനിലെ വ്യോമാതിർത്തി അടച്ചുപൂട്ടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത്, മേഖലയ്ക്ക് മുകളിലൂടെ പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ പാതകൾ ഉപയോഗിക്കുന്നുവെന്നും, ഇത് കാലതാമസത്തിന് കാരണമായേക്കാമെന്നും. റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നു എന്നുമായിരുന്നു എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.
ഇറാൻ-യുഎസ് സംഘർഷഭീതി ഉയരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരോടു എത്രയും വേഗം രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.ഇറാനിലേക്കു യാത്ര ഒഴിവാക്കണമെന്നും ഇറാനിലുള്ളവർ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും നിർദേശമുണ്ട്. ഇറ്റലി, സ്പെയിൻ, പോളണ്ട് എന്നീ രാജ്യങ്ങളും പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ആവശ്യപ്പെട്ടു.