യഥാർഥ വ്യക്തികളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് അശ്ലീലമായി മാറ്റുന്ന പ്രവണതയ്ക്കെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ നടപടിയുമായി ഇലോൺ മസ്കിന്റെ എക്സ്. എക്സിലെ എഐ ടൂളായ ഗ്രോക്കിൽ (Grok) യഥാർഥ ആളുകളുടെ ഫോട്ടോകൾ ബിക്കിനി പോലുള്ള വസ്ത്രങ്ങളിലേക്ക് എഡിറ്റ് ചെയ്യുന്നത് തടയാനുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു. പണം നൽകി ഉപയോഗിക്കുന്ന പ്രീമിയം വരിക്കാർക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
കഴിഞ്ഞവർഷം ഡിസംബർ അവസാന ആഴ്ച എക്സ് പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വൻ വിവാദങ്ങൾക്ക് വഴിവച്ചത്. ഒരു ഫോട്ടോ നൽകി 'ഗ്രോക്ക്, അവളുടെ വസ്ത്രമുരിഞ്ഞ് ബിക്കിനിയിൽ ആക്കൂ' എന്നു പറഞ്ഞാൽ നിമിഷങ്ങൾക്കകം ഫലം ലഭിക്കുന്ന സ്ഥിതിയായിരുന്നു. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിന് ഇരകളാകാൻ തുടങ്ങിയതോടെയാണ് കടുത്ത നിയന്ത്രണം കൊണ്ടുവരാൻ എക്സ് നിർബന്ധിതരായത്.
ഈ ഫീച്ചറിനെതിരെ ഇന്ത്യയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്‌ത് പ്രചരിപ്പിക്കുന്നതിനെതിരെ എംപി പ്രിയങ്ക ചതുർവേദി കേന്ദ്ര ഐടി മന്ത്രിക്ക് പരാതി നൽകിയിരുന്നു. സ്ത്രീകളുടെ മാനത്തിന് വില കൽപ്പിക്കണമെന്നും വമ്പൻ ടെക്നോളജി കമ്പനികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പ്രിയങ്ക എക്സിൽ കുറിച്ചിരുന്നു.