ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ഭരത് മോഹൻലാലിന് ആദരമർപ്പിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളം വാനോളം ലാൽസലാം എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമർപ്പിച്ചത്. മോഹൻലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സർക്കാരിനുവേണ്ടി കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിച്ചു.
ഇന്ത്യൻ സിനിമയിലെ പിതാവായ ദാദ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സമർപ്പിത ജീവിതം തന്റെ മനസിലൂടെ കടന്ന് പോയെന്ന് മോഹൻലാൽ പറഞ്ഞു. "എനിക്ക് അനായാസമാണ് അഭിനയം എന്ന് പലരും പറയുന്നു. എനിക്ക് അഭിനയം അനായാസം അല്ല. ദൈവമേ എന്ന് വിളിച്ചു കൊണ്ട് മാത്രമേ ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത്”-മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസതാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണിത്. ശതാബ്‌ദിയോട് അടുക്കുന്ന മലയാള സിനിമയിൽ അര നൂറ്റാണ്ടായി മോഹൻലാലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയല്പക്കത്തെ ഒരാളായി മോഹൻലാലിനെ മലയാളികൾ കാണുന്നു. സ്ക്രീനിലും പുറത്തും ആ ആദരവ് മോഹൻലാലിന് നൽകുന്നു. വഴക്കമേറിയ ശരീരമാണ് മോഹൻലാലിന്റേതെന്നും അസാമാന്യ മെയ്വഴക്കം ഉള്ള ആളാണ് മോഹൻലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.