Drisya TV | Malayalam News

സൈബർ തട്ടിപ്പ് പണംകൈമാറ്റം, സംസ്ഥാനത്തെ എടിഎമ്മുകളിലെ സിസിടിവി നിരീക്ഷണം ശക്തമാക്കും

 Web Desk    4 Oct 2025

വിലയ്ക്കുവാങ്ങിയ ബാങ്ക് അക്കൗണ്ടുകൾ വഴി സൈബർ തട്ടിപ്പ് പണംകൈമാറ്റം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ എടിഎമ്മുകളിലെ സിസിടിവി നിരീക്ഷണം ശക്തമാക്കും. അടുത്തിടെനടന്ന വൻ സാമ്പത്തികത്തട്ടിപ്പുകളിൽ മലയാളികളും പങ്കാളികളാണ്. പണം മലയാളികളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുകയും കേരളത്തിലെ വിവിധ എടിഎമ്മുകൾ വഴി പിൻവലിക്കുകയും ചെയ്‌തിരുന്നു.

ഈ തുക പിന്നീട് ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റുപല ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്‌തതായും കണ്ടെത്തിയിരുന്നു.അടുത്തിടെ കൊച്ചിയിലെ ഫാർമ കമ്പനി ഉടമയ്ക്ക് 25 കോടി നഷ്ടമായ സംഭവത്തിൽ കൊല്ലം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിയതായി കണ്ടെത്തിയിരുന്നു. പാലാരിവട്ടത്തെ എടിഎമ്മിൽനിന്നാണ് ഇവർ പണം പിൻവലിച്ചിരുന്നത്.കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് 4.43 കോടി രൂപയിലധികം നഷ്ടമായ സംഭവത്തിൽ പിടിയിലായത് പെരുമ്പാവൂർ സ്വദേശിയായിരുന്നു.ഇയാളും കൂട്ടുപ്രതികളും ചേർന്ന് ചെന്നൈ സ്വദേശിയെ കബളിപ്പിച്ച് അയാളുടെ ബാങ്ക് അക്കൗണ്ട് തരപ്പെടുത്തുകയായിരുന്നു. തുടർന്ന് തട്ടിപ്പ് പണം ആലുവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ എടിഎമ്മുകളിൽനിന്ന് പിൻവലിച്ചു.

പണംപോയ വഴി കണ്ടെത്തുമ്പോഴാണ് യഥാർഥ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് തട്ടിപ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലാണ് പണം പിൻവലിക്കുന്നവരെ കണ്ടെത്താൻ ശ്രമംനടത്തുന്നത്. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ബാങ്ക് ജീവനക്കാരുടെയും പോലീസിന്റെയും സംയുക്ത യോഗങ്ങൾ നടന്നുവരുകയാണ്.

  • Share This Article
Drisya TV | Malayalam News