സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി,സാമൂഹികം, ഭരണപരവുമായ (Governance) നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങൾ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ എസ് ജി നയം രൂപീകരിക്കുന്നത്. ആഗോളതലത്തിൽ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ എസ് ജി മാറിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ ഇ എസ് ജി അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിയമ വകുപ്പിൽ താൽക്കാലിക അടിസ്ഥാനത്തിൽ 6 മാസ കാലയളവിലേക്ക് ഒരു സെക്ഷൻ രൂപീകരിക്കുകയും അതിലേക്ക് ഒരു സെക്ഷൻ ഓഫീസർ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. ധനകാര്യ നിയമം, നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ആക്‌ടുകൾ എന്നിവ മുഖാന്തിരം വിവിധ ആക്ടുകളിൽ കൊണ്ടുവരുന്ന ഭേദഗതികൾ അതാത് പ്രധാന ആക്ടുകളിൽ ഉൾപ്പെടുത്തുന്നതിനാണ് സെക്ഷൻ രൂപീകരിക്കുന്നത്.