അപൂർവമായ ഒരു ഫോസിൽ സ്കോട്ലൻഡിൽ കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. ബ്രൂഗ്നതെയ്ർ ഇലഗോലെൻസിസ് എന്ന പ്രാചീനകാല ഉരഗത്തിന്റെ ഫോസിലാണു കണ്ടെത്തിയത്. പ്രാചീനകാലത്തു ജീവിച്ചിരുന്ന ഈ പല്ലിക്ക് പാമ്പുകളെപ്പോലുള്ള പല്ലുകളാണുണ്ടായിരുന്നതെന്നു M ഗവേഷകർ പറഞ്ഞു. സ്കോട്ലൻഡിലെ സ്പൈ ദ്വീപിലെ എൽഗോൾ എന്ന ഗ്രാമത്തിലാണ് ഈ ജീവിയെ കണ്ടെത്തിയത്. 16.7 കോടി വർഷം പഴക്കമുള്ളതാണ് ഈ ഫോസിലെന്നും ഗവേഷകർ പറയുന്നു.
41 സെന്റിമീറ്റർ നീളമുള്ളതായിരുന്നു ഈ പല്ലി. ചെറിയ പല്ലികളെയും സസ്തനികളെയും ചെറിയ ദിനോസറുകളെയുമൊക്കെ ഇവ വേട്ടയാടിയിരുന്നു. പാമ്പുകളെപ്പോലെയുള്ള താടിയെല്ലുകളായിരുന്നു ഈ ജീവികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ പല്ലികളെപ്പോലെയുള്ള കൈകളും വിരലുകളും ഇവയ്ക്കുണ്ടായിരുന്നു.
പല്ലികളും പാമ്പുകളും സ്ക്വാമാറ്റ എന്ന ഗ്രൂപ്പിൽപെട്ടവയാണ്. ഈ ജീവിവിഭാഗം 19 കോടി വർഷം മുൻപാണ് വികസിച്ചത്.പല്ലികളാണ് ഈ ഗ്രൂപ്പിൽ ആദ്യം വന്നത്. പിന്നീട് പാമ്പുകൾ വികസിപ്പിക്കപ്പെട്ടു. പാമ്പുകളുടെ വികാസം സംബന്ധിച്ചുള്ള വിവരങ്ങൾ കിട്ടാൻ ഈ ഫോസിൽ സഹായകമാകുമെന്നാണു ശാസ്ത്രജ്‌ഞർ കരുതുന്നത്.