Drisya TV | Malayalam News

രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 65 വർഷം കഠിന തടവ്

 Web Desk    3 Oct 2025

പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 65 വർഷം കഠിന തടവ്. ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45) ആണ് പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. വധശ്രമം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിൽ ബലാത്സംഗം അടക്കം അഞ്ച്, ആറ്, ഏഴ് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.

2024 ഫെബ്രുവരി 19 നാണ് നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ ബ്രഹ്മോസിനു സമീപത്തുള്ള ടെന്റിൽ നിന്നു കാണാതായത്. രാത്രി അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി തട്ടിയെടുത്തത്. ബ്രഹ്മോസ് കേന്ദ്രത്തിനു പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ രാത്രി തന്നെ പേട്ട പൊലീസിൽ അറിയിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേദിവസം വൈകുന്നേരം ബ്രഹ്മോസ് കേന്ദ്രത്തിന്റെ മതിലിനോടു ചേർന്ന കാടുപിടിച്ച സ്ഥലത്തു നിന്നാണ് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തിൽ പീഡനം സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തിൽനിന്നു കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതും വഴിത്തിരിവായി.

  • Share This Article
Drisya TV | Malayalam News