ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വർഷം തുടക്കം മുതൽ ഇരു രാജ്യങ്ങളുടെയും പിൽ ഏവിയേഷൻ അധികാരികൾ ചർച്ച നടത്തിയിരുന്നു.
ഈ ചർച്ചയിലാണ് ഇന്ത്യയിലും ചൈനയിലുമുള്ള നിയുക്ത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ 2025 ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കാൻ കഴിയുമെന്ന് ധാരണയായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദോക് ലാം സംഘർഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ നിലച്ചത്. പിന്നാലെ കോവിഡ് മഹാമാരിയുമെത്തിയതോടെ ഇത് നീളുകയായിരുന്നു. പിന്നാലെ ഗൽവാൻ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർധിച്ചിരുന്നു.
നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളിൽ ധാരണയിലെത്തിയിരുന്നു. അതിർത്തി വ്യാപാരം, കൈലാസ മാനസസരോവർ തീർഥാടന യാത്രകൾ എന്നിവ തുടരാനും ആ യോഗത്തിൽ ധാരണയായിരുന്നു. നേരിട്ടുള്ള വിമാനയാത്രകൾ പുനഃരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും മാധ്യമപ്രവർത്തകർക്കും മറ്റു സന്ദർശകർക്കും ഇരുഭാഗത്തേക്കും വീസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി.