ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയ 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കറൻസിയിൽ ആദ്യമായാണ് ഭാരതാംബയെ ഉൾപ്പെടുത്തുന്നത്. ഇതിനൊപ്പം പ്രത്യേക സ്റ്റാംപും പുറത്തിറക്കിയിട്ടുണ്ട്. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അർപ്പണബോധത്തോടെയും സ്വയംസേവകർ ഭാരതാംബയ്ക്കു മുന്നിൽ പ്രണമിക്കുന്നതായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.
‘‘സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതാംബയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ ഇടംപിടിക്കുന്നത് അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും നിമിഷമാണ്’’ – പ്രകാശനവേളയിൽ മോദി പറഞ്ഞു. ‘രാഷ്ട്രായ സ്വാഹ, ഇദം രാഷ്ട്രായ, ഇദം ന മമ’ എന്ന ആർഎസ്എസ് മുദ്രാവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. ‘എല്ലാം രാഷ്ട്രത്തിനായി സമർപ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല’ എന്നാണ് ഇതിനർഥം.
സ്റ്റാംപിൽ 1963ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തത് ചിത്രീകരിച്ചിട്ടുണ്ട്. ഭാരതാംബയ്ക്കും ആർഎസ്എസ്സിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്റെയും അർപ്പണബോധത്തിന്റെയും യാത്രയ്ക്കും നൽകുന്ന അഭിമാനകരമായ ആദരമാണ് ഈ നിമിഷമെന്ന് മോദി വിശേഷിപ്പിച്ചു.