ഒരു കുഴിമന്തിക്കുവേണ്ടിവരെ സ്വന്തം ബാങ്ക് അക്കൗണ്ട് വിൽപ്പന നടത്തിയവരുണ്ടെന്ന് സൈബർപോലീസ്. ഇത്തരക്കാർ അവർ അറിയാതെതന്നെ പത്തും പതിനഞ്ചും കോടി തട്ടിച്ച കേസുകളിലെ കണ്ണികളാകുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് അന്വേഷിച്ചുവരുമ്പോഴാണ് പലപ്പോഴും തട്ടിപ്പിന്റെ ഗൗരവം ഇവർ തിരിച്ചറിയുന്നത്. ജോലിക്കായും സൗഹൃദത്തിന്റെ പേരിലുമെല്ലാം ഇത്തരത്തിൽ അക്കൗണ്ട് വിൽപ്പന നടക്കുന്നുണ്ട് എന്ന് സൈബർ പോലീസ് പറയുന്നു.
തൃശ്ശൂരിൽ ഓൺലൈൻ വഴി ജോലി തേടിയ പെൺകുട്ടി ഇത്തരമൊരു കെണിയിൽ അടുത്തയിടെ പെട്ടു. ജോലി വാഗ്ദാനം ചെയ്‌തതായിരുന്നു കുരുക്ക്. പേമെന്റ് പ്രോസസിങ് ഏജന്റ് എന്ന തസ്തികയാണ് ഇവർക്ക് തട്ടിപ്പുകാർ നൽകിയത്. ഇതിനായി പെൺകുട്ടി തന്റെ നാല് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് നൽകേണ്ടിവന്നു. ജോലി ആവശ്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് പുതുതായി തുടങ്ങിയതാണ് ഈ അക്കൗണ്ടുകളെല്ലാം.
ഈ അക്കൗണ്ടുകളിലേക്ക് വരുന്ന പണം ചെക്ക് വഴിയോ എടിഎം വഴിയോ പിൻവലിച്ച് പ്രത്യേക അക്കൗണ്ടിൽ ഇട്ടുകൊടുക്കുക എന്നതായിരുന്നു ജോലി. അഞ്ചുശതമാനം കമ്മിഷനും വാഗ്ദാനം ചെയ്തിരുന്നു. 10 ദിവസം കഴിഞ്ഞപ്പോൾ ഇവരുടെ നാല് ബാങ്ക് അക്കൗണ്ടുകളും തടയപ്പെട്ടു. ഇതിനിടയിൽ ഒരുകോടിയോളം രൂപയുടെ കൈമാറ്റം നടന്നു കഴിഞ്ഞിരുന്നു.
തൃശ്ശൂർ സൈബർ പോലീസ് സ്‌റ്റേഷനിൽ ഒരുമാസം ഇത്തരത്തിലുള്ള 10 പരാതികളെങ്കിലും വരുന്നുണ്ട്. എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.